25.3.10

സില്‍മാലൊക്കേഷന്‍@ബാത്ത്‌റൂം

ഒണക്കടവര്‍ ഹോട്ടലിന്റെ ബാത്ത്‌റൂം ലൊക്കേഷന്‍ വാര്‍ത്തകളാണ് ഇന്നത്തെ ‘സില്‍മാലോക്കലി’ലുള്‍പ്പെടുത്തിയിരിക്കുന്നത്.

ഓച്ചിമല ശാന്ത മുഖ്യ വേഷത്തിലഭിനയിക്കുന്ന ‘എന്നെയങ്ങ് കൊല്ലൂ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഒണക്കടവര്‍ ഹോട്ടലിന്റെ ബാത്ത്‌റൂമിലും (ടോയ്‌ലറ്റ് അറ്റാച്ച്ഡ്) പരിസരപ്രദേശങ്ങളിലുമായി നടന്നുവരുന്നത്.

ഓച്ചിമല ശാന്തയെക്കൂടാതെ പേരറിയാന്‍ പാടില്ലാത്ത  ഒരുകൂട്ടം ഗസ്റ്റ് താരങ്ങളുമഭിനയിക്കുന്ന ‘എന്നെയങ്ങ്കൊല്ലൂ’ വില്‍  നടന്മാര്‍ക്ക് പുല്ലുവിലയും നടികള്‍ക്കു പൊന്നുവിലയുമാണെന്നതും, ഉള്ളനടികളെല്ലാം നായികമാരുമാണെന്നതും  ഈ ചിത്രത്തിന്റെ അനേകം പ്രത്യേകതകളില്‍ മുഴച്ചുനില്‍ക്കുന്ന ഒന്നാണെന്ന്  ക്യാമറമാന്‍ കം ഡയറക്ടര്‍ കം ആള്‍ ഇന്‍ ആള്‍ ആയ ക്യാമറപൊന്നപ്പന്‍ (നമ്മുടെയെല്ലാം തങ്കപ്പന്‍ ) അറിയിച്ചു.

ഇത്രയേറെ അതിഥിതാരങ്ങളെ അണിനിര്‍ത്തുന്ന മലയാളത്തിലെ ആദ്യത്തെ സില്‍മയായ ‘എന്നെയങ്ങുകൊല്ലൂ’ തിയേറ്ററുകളില്‍ ക്യൂ നിന്ന് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍  മൊബൈല്‍ മെമ്മറികാര്‍ഡ്, ഫ്ലാഷ് മെമ്മറി, ഹാര്‍ഡ്‌ഡിസ്ക് എക്സ്ട്രാ ... തുടങ്ങിയവയില്‍ ബ്ലൂട്ടൂത്ത് വഴിയും ഇന്റര്‍നെറ്റ് വഴിയുമായിരിക്കും റിലീസ് ചെയ്യപ്പെടുക.

വളരെയേറെ നിര്‍മ്മാണച്ചിലവുവരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിംഗിനായി കാത്തുനില്‍ക്കുന്ന ജനകോടികള്‍ക്ക്  ക്യാമറതങ്കപ്പന്‍ അലിയാസ് പൊന്നപ്പന്റെ പഴയ ചിത്രങ്ങളേ പ്പോലെത്തന്നെ ഈ പ്രാവശ്യവും നിരാശപ്പെടേണ്ടിവരില്ലാ എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കൂടുതല്‍ പുതുമുഖങ്ങളെ സില്‍മാരംഗത്തേയ്ക്ക് കൊണ്ടുവരിക എന്ന പ്രത്യേകതയും  നമ്മുടെ ‘സില്‍മാദൈവമായ’ തങ്കപ്പന്‍  ഈ ചിത്രത്തില്‍  പരീക്ഷിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെയാണ് ഹോട്ടലില്‍ വരുന്ന സകല തരുണികള്‍ക്കും വിതൌട്ട് റിഹേഴ്സലായി ചിത്രത്തിലഭിനയിക്കാനുള്ള ചാന്‍സുകൊടുത്തിരിക്കുന്നത്. ഇവരെയാണു നാം ‘ഗസ്റ്റ് താരങ്ങള്‍’ (ഹോട്ടലിലെ ഗസ്റ്റ്) എന്നു വിളിക്കുന്നത് .

സ്റ്റാര്‍ട്ട് കട്ട് ആക്ഷന്‍ ഇവയിലൊന്നിന്റെ കൂടെ  ഒണക്കട്ടവറിലെ ക്യാമറയും കുളത്തില്‍ (ക്ഷമിക്കണം ക്ലോസറ്റില്‍) ചാടുന്നതുവരേ അടുത്ത പടത്തിന്റെ ലൊക്കേഷനും ഒണക്കട്ടവര്‍ ബാത്ത്‌റൂം തന്നെയായിരിക്കുമെന്ന് ക്യാമറ .....അപ്പന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ലൊക്കേഷന്‍ വാര്‍ത്തകളുമായി അടുത്തയാഴ്ച കാണും‌വരേയ്ക്കും (വല്ലോരും തല്ലിക്കൊന്നില്ലാ എങ്കില്‍ ) ഗുഡ്ബൈ.......

18.3.10

ചാത്തൂട്ടിസം

നിറഞ്ഞ സദസ്സിനുമുന്‍പില്‍നിന്നുകൊണ്ട് ചാത്തൂട്ടി വിളിച്ചുകൂവി “എനിക്കു ജീവിക്കണ്ട പണ്ടാരം, മടുത്തൂ......” സത്യത്തില്‍ സദസ്യര്‍ മൂക്കത്തുവിരല്‍ വെച്ചുപോയി എന്നുതന്നെ പറയണം ‘നിറഞ്ഞ’ സദസ്സില്‍ ചാത്തൂട്ടിയെ അറിയാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല!!

ഈ നാട്ടില്‍ ചാത്തൂട്ടിക്ക് ജീവിക്കാന്‍ കഴിയാത്ത എന്തു സംഭവമാണുണ്ടായത് ?! ഒരു ഡസണ്‍ മക്കളില്‍ മുക്കാല്‍ ഡസണും അങ്ങ് അമേരിക്കയിലാണെന്നുമാത്രമല്ല മാസാമ്മാസ്സം ചാത്തൂട്ടിക്ക് പണമയച്ചുകൊടുക്കുന്ന കാര്യത്തില്‍ അവര്‍തമ്മില്‍ കടുത്ത മത്സരമാണുതാനും.

ഇനി ചാത്തൂട്ടിയെപ്പറ്റി രണ്ടേരണ്ടുവാക്ക്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാണകം വാരിനടന്ന കാലത്ത് ചാത്തൂട്ടിയെ ഒരു കുട്ടിയും തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ല എന്നതു സത്യമാണെങ്കില്‍ അത്യാവശ്യത്തിനു മണല്‍ക്കടത്തൊക്കെ നടത്തി പെമ്പിള്ളാരെ കെട്ടിച്ചയക്കുകയും, ആമ്പിള്ളാരെ അമേരിക്കയിലെ എന്‍.ആര്‍.ഐ ക്കാരികളെക്കൊണ്ട് കെട്ടിപ്പിക്കുകയും ചെയ്തപ്പോള്‍ തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ വരേ ആളുണ്ടായി എന്നതും സത്യമാണ്.

ഇന്ന് ‘ചാത്തൂസ് ചിട്ടീസ്’, ‘ചാത്തൂട്ടി ട്രാവത്സ്’ , ‘ചാത്തൂ ബില്‍ഡേഴ്സ്’ എന്നുതുടങ്ങി ഇരുപത്തിയെട്ടോളം സ്ഥാപനങ്ങള്‍ക്കുടമയും അതിലെ തൊഴിലാളികള്‍ക്ക് മുതലാളിയുമാണ് മിസ്റ്റര്‍ ചാത്തൂട്ടി.

അതുകൊണ്ടുതന്നെ ചാത്തൂട്ടിയില്ലാതെ നാട്ടില്‍ ഒരു പരിപാടിയുമില്ല. ഉത്സവമാണെങ്കിലും, ഗാനമേളയാണെങ്കിലും എന്തിനുപറയണം പാട്ടുകച്ചേരിയാണെങ്കില്‍ പോലും ചാത്തൂട്ടിയില്ലാതെ നടക്കില്ല എന്നുമാത്രമല്ല നാട്ടുകാര്‍ നടത്തില്ല എന്നതാണു സ്ഥിതി.

ഇത്രയൊക്കെ ജനസമ്മതിയുള്ള ചാത്തൂട്ടിയല്ലാതെ മറ്റൊരാളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ വേറെയാളില്ലാ എന്നതാണ് പ്രാദേശിക, ദേശീയ വൈദേശിക പാര്‍ട്ടിക്കാരുടെ കണ്ടെത്തല്‍.

ചാത്തൂട്ടിക്കുവേണ്ടി പാര്‍ട്ടികള്‍തമ്മില്‍ അടിയായി പിടിയായി എന്നുമാത്രമല്ല ഓലപ്പടക്കം മുതല്‍ പന്നിപ്പടക്കം വരേ പൊട്ടിച്ച് നാടിനെ വിറപ്പിക്കാനും തുടങ്ങി.

ചുരുക്കിപ്പറഞ്ഞാല്‍ മൂപ്പര്‍ക്ക് വീടിനുപുറത്തിങ്ങാന്‍ വയ്യാതായി. അതുകൊണ്ടുതന്നെ ചാത്തൂട്ടിക്ക് പണ്ടുമുതലേയുള്ള പല ശീലങ്ങളും മാറ്റേണ്ടതായും വന്നു എന്നതാണ് ഏറെ ദു:ഖകരം.

ചാത്തൂട്ടി ജനിച്ചതുമുതല്‍ ഇന്നുവരേ വെളിക്കിരുന്നത് പുഴവക്കത്തെ മുരിക്കിനുതാഴെയായിരുന്നെങ്കില്‍ ഇന്നത് വീട്ടിലെ ടോയ്‌ലറ്റിലേക്കു പറിച്ചുനട്ടു എന്നുപറയുന്നതിലും വലിയ സങ്കടം വേറെയില്ല.

ഇതായിരുന്നു രാഷ്ട്രീയക്കാരെ വെട്ടിച്ചുനടന്ന ചാത്തൂട്ടി ഒരിക്കല്‍ ഗ്രാമത്തിലെ നിറഞ്ഞ സതസ്സിനുമുന്‍പില്‍ പ്രദര്‍ശനം നടത്തുകയായിരുന്ന ഓണംകേറാ തിയേറ്റേഴ്സിന്റെ ആറാമത് നാടകമായ “ആരുണ്ടിവിടെ ചോദിക്കാന്‍” എന്ന നാടകത്തിന്റെ ക്ലൈമാക്സുരംഗത്ത് സ്റ്റേജിലില്‍ വലിഞ്ഞുകയറി നായകനെ തട്ടിമാറ്റി മൈക്കിനുമുന്‍പില്‍ നിന്നുകൊണ്ട് “എനിക്കു ജീവിക്കണ്ട പണ്ടാരം, മടുത്തൂ......” എന്ന വാക്യങ്ങള്‍ ഉറക്കെ പ്രഖ്യാപിച്ചതിനു കാരണം!

സദസ്സു ഞെട്ടി !! എന്തിനേറെപ്പറയണം നാടകത്തിന്റെ ക്ലൈമാക്സില്‍ വലിച്ചെറിയാന്‍ കൊണ്ടു‌വെച്ച ചീഞ്ഞമുട്ടകള്‍ കൈകളിലേന്തിയ കുലീനയുവകോമളന്മാര്‍‌വരേ നിശ്ചലരായി!!!

ചാത്തൂട്ടി മൈക്കിലൂടെ വാക്യങ്ങളുരുവിട്ടുകൊണ്ടിരുന്നു.

“പ്രിയപ്പെട്ടവരെ ഒരുകാലത്ത് കൂലിവേല ചെയ്തുജീവിച്ച ഞാനിന്ന് കൂലികൊടുക്കുന്ന മുതലാളിയായി മാറിയിട്ടുണ്ടെങ്കില്‍. അതെന്റെ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് അല്ലാതെ ഒരലവലാതിക്കും പങ്കില്ല. എന്നാല്‍ ഇനിയും വേലെയെടുത്ത് ജീവിക്കാനെനിക്കുമടിയില്ല എങ്കിലും രാഷ്ട്രീയം.... അതെനിക്കുപറ്റില്ല. കാരണം നമ്മുടെ സ്വകാര്യതയാണ് രാഷ്ട്രീയം മൂലം നഷ്ടമാകുന്നത് , ഒളിക്ക്യാമറകളും ഒളിക്കാത്ത ക്യാമറകളും എന്നെത്തേടിയെത്തുമെന്ന ഭയമാണെങ്കില്‍ അതെനിക്കില്ല എനിക്കൊന്നും തന്നെ ഒളിക്കാനില്ല. ജനങ്ങളെ പറ്റിക്കുന്നതില്‍ എനിക്കു സങ്കടമാണെന്നു നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി കാരണം വോട്ടു ചെയ്യുന്ന ഓരോപൌരനും ഇവിടെ പറ്റിക്കപ്പെടണം എന്നത് എന്റെ പൂവണിഞ്ഞുകൊണ്ടിരിക്കുന്ന ആഗ്രഹങ്ങളിലൊന്നാ‍ണ്.

എന്റെ സങ്കടമതല്ല പ്രിയപ്പെട്ടവരേ ഞാനൊരു രാഷ്ട്രീയക്കാരനായി പൂമാലയിട്ടു നടന്നാല്‍ എന്റെ ഫാര്യ ഓമനയ്ക്കാരുണ്ട് എന്നതിലാണെനിക്കു വിഷമം. കാരണം ഒരുകാലത്ത് തൊഴിലാളിയായിരുന്ന ഓമന മുതലാളിയായ തിയ്യതിമുതല്‍ ഇന്നുവരേ വീടിന്റെ അടുക്കള കണ്ടിട്ടില്ല . എന്തിനു ഒരു ഗ്ലാസ്സുപോലും വാഷ് ചെയ്തിട്ടില്ല. ലോ കചരിത്രത്തിലിന്നുവരേ ഒരു മുതലാളിച്ചിയും അടുക്കളയില്‍ കയറിയിട്ടില്ലാ എന്നാവളുടെ കണ്ടുപിടുത്തം . വേലക്കാരികളെ വെച്ചാലതവള്‍ക്കിട്ടുതന്നെ ഒരു വേലയായിരിക്കുമെന്നറിയാവുന്നതുകൊണ്ട് അവള്‍ക്ക് ‘ചങ്കൂരിച്ചിക്കന്റെ’ കൂടെ ആട്ടിന്‍ സൂപ്പ് കുഴച്ച കഞ്ഞികുടിക്കണമെങ്കില്‍ ഞാന്‍തന്നെ അടുക്കളയില്‍ കയറണം.

അവളെ പട്ടിണിക്കിട്ടാല്‍ മുട്ടുകാലു തല്ലിയൊടിക്കുമെന്നാണ് അവളുടെ ആങ്ങളയും എന്റെ വര്‍ഗ്ഗ ശത്രുവുമായ ചട്ടുകാലന്‍ കോവിന്തന്‍ പറഞ്ഞത്. അവള്‍ക്ക് സകല മുതലാളിച്ചിമാരുടെയും ലോഗോയായ പട്ടിക്കുട്ടിയെ വാങ്ങിക്കൊടുക്കാത്തതില്‍ ഒരിക്കല്‍ ചട്ടുകാലനെന്റെ കാലിനിട്ടൊന്നുകൊട്ടിയതിന്റെ വേദന ഇന്നും ഈകാലുകളില്‍ തളംകെട്ടിനില്‍ക്കുന്നു”

ഇത്രയും പറഞ്ഞുകൊണ്ട് ചാത്തൂട്ടി തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. ‘നിറഞ്ഞ’ സദസ്യര്‍ മുഖത്തോടുമുഖവും നോക്കിനിന്നു!