22.7.10

കോപ്പിലെ ദിര്‍ഹം!!

ദുഷ്ടനായ മിസ്റ്റര്‍ അറബീ, നിന്റെ കോപ്പിലെ  ദിര്ഹം ഇനിയാര്‍ക്കു വേണമെഡാ ഛേ... ആലോചിക്കുമ്പോള്‍ ഓക്കാനം വരുന്നു.  സ്വന്തമായിട്ടൊരു ചിഹ്നമില്ലാത്ത കറന്‍സി ...

ഞങ്ങള്‍ ഇന്ത്യാക്കാര്‍ക്കേ വിലയില്ലാഎങ്കിലും ഞങ്ങളുടെ നോട്ടിനു ഇനിയൊരുവിലയൊക്കെയുണ്ട് മോനേ... ഞങ്ങളുടെ രൂപായ്ക്കും ഒരു ചിഹ്നമൊക്കെയായി ....

പിന്നെ ഇന്ത്യാക്കാരായ ഞങ്ങള്‍  അരി, പഞ്ചസാര, ഉപ്പ്, മുളക് , കര്‍പ്പൂരം, തേങ്ങാപ്പൊടി ഒലക്കേടെ മൂട്  തുടങ്ങിയവ ഇനി ചിഹ്നമുള്ള രൂപാ വലിച്ചെറിഞ്ഞുകൊടുത്തായിരിക്കും വാങ്ങിക്കുക.... വലിച്ച്.................. എറിഞ്ഞുകൊടുത്ത് ങാ... 

വിലകൂടിയാല്‍ ഞങ്ങള്‍ക്കതൊരു കുന്തവുമല്ല .. ഞങ്ങളേ തറവാട്ടുകാരാ... തറവാട്ടുകാര്‍ ... അതുകൊണ്ടുതന്നെ വിലയെങ്ങാനും കുറഞ്ഞുപോയാല്‍ ഒരു വക ഞങ്ങള്‍ വാങ്ങിക്കില്ലഎന്നുമാത്രമല്ല വിലകൂട്ടാന്‍  വേണ്ടി ഞങ്ങള്‍ കരിഞ്ചന്തക്കാര്‍ക്കു കഞ്ഞിവെച്ചു വിളമ്പുകയും ചെയ്യും.

100 രൂപയ്ക്ക് ഞങ്ങളുടെ നാട്ടിന്‍പുറത്തുകിട്ടുന്ന  കോട്ടണ്‍ ഷര്‍ട്ടു വാങ്ങിക്കാതെ കിലോമീറ്ററുകള്‍ താണ്ടി നഗരത്തില്‍ ചെന്ന് അതേ ബ്രാന്റ് ഷര്‍ട്ടു  1001 രൂപാ ചിഹ്നം കൊടുത്തുഞങ്ങളെടുക്കും .. അത്താണു ഞങ്ങള്‍.

നിന്റെയൊക്കെ നാട്ടില്‍ ചൈനയുടെ പ്രൊഡക്റ്റല്ലാതെ വേറെയെന്താണുള്ളത് കോപ്പന്‍ അറബീ..

 ഞങ്ങളേ .. സ്വന്തമായി കൃഷിയുള്ളവരാ അതുഞങ്ങള്‍ ഞങ്ങളുടെ കുത്തകമുതലാളിമാരായ ഹോള്‍സൈല്‍ കം റീട്ടൈല്‍ പുലികള്‍ക്ക്  ചുമ്മാ കൊടുക്കും ... അവര്‍ കണ്ടറിഞ്ഞു വല്ലതും തന്നാല്‍ മാത്രം വാങ്ങിക്കും (കാരണമറിയാമല്ലോ .. ഞങ്ങള്‍ തറവാടികളാ) .

മുതലാളിമാരതു വളരെ ഭംഗിയായി പായ്ക്കുചെത് പത്തിരട്ടി വിലയിട്ടു ഞങ്ങള്‍ക്കു തരുമ്പോള്‍  അതിലാണു ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് .. അതാണു ഞങ്ങള്‍ക്കു ലഹരി... ഇതൊന്നും തറവാടില്ലാത്ത നിനക്കൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല.  നിനക്കു നിന്റെ കമ്പനിയില്‍ വര്‍ക്കു നടന്നാല്‍ മതിയല്ലോ..

ഗള്‍ഫുപണം കൊണ്ടല്ലെടാ നിങ്ങളൊക്കെ നന്നായത് എന്നൊരു ചിന്ത നിനക്കുണ്ടാകും ... അതു വേണ്ടമോനെ വേണ്ട ... നിന്റെയൊക്കെ  കമ്പനിയില്‍ ഞങ്ങള്‍  പതിനെട്ടു മണിക്കൂര്‍ ജോലിചെയ്യുന്നതിന്റെ പത്തിലൊരുഭാഗം ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ ചെയ്തിരുന്നെങ്കില്‍ നിന്റെയൊക്കെ കോപ്പ് ഗള്‍ഫ് ഇന്നു കെട്ടിത്തൂങ്ങി ചത്തുപോയിട്ടുണ്ടാകും. പക്ഷേ ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ പണിയെടുക്കില്ല അതുഞങ്ങള്‍ക്ക് അറപ്പാണ്‍് വെറുപ്പാണ്‍്  കാരണം ഞാന്‍ നിന്നോടു പറഞ്ഞു കഴിഞ്ഞു .. ഞങ്ങള്‍ക്കു ഞങ്ങളുടെ തവാറാടും അന്തസ്സും ഒക്കെയാ വലുത് ..

ഇവിടെ ചില മണ്ടന്മാര്‍ ജോലിചെയ്യുന്നുണ്ട് നാടിനെ പറയിപ്പിക്കാന്‍ .. അവരു കുടുമ്പം നോക്കുകയാണു പോലും!  മാസ്സാമ്മാസം ചിലവു കഴിച്ചു മിച്ചം വരുന്ന സംഖ്യ അപ്പടി നാട്ടിലയച്ചുകൊടുക്കും .. എന്നിട്ട് അവരുടെയൊക്കെ  പിള്ളാര്‍ നാട്ടില്‍ ബിസിനസ്സോ കൃഷിയോ ഒക്കെ നടത്തി വീണ്ടും കാശുണ്ടാക്കുമെന്നു മാത്രമല്ല ലീവിനു നാട്ടില്‍ പോയാല്‍  പാടത്തും പറമ്പത്തും കിളച്ചുമറിച്ച് നൊസ്റ്റാള്‍ജിയാന്നും പാടി നടക്കും   .. ഇതൊക്കെ അന്തസ്സും അഭിമാനവും അതിലുപരി തറവാട്ടുമഹിമയുമുള്ള ഒരു ഇന്ത്യാക്കാരനു ചേര്‍ന്നതാണൊ ?

അതിനൊക്കെ എന്നേപ്പോലെയുള്ളവരെ കണ്ടുപഠിക്കണം പത്തുദിര്‍ഹം കിട്ടിയാല്‍ പതിനഞ്ചുദിര്‍ഹം ഗള്‍ഫില്‍ ചിലവഴിക്കുമെന്നു മാത്രമല്ല  നാട്ടില്‍ വരുമ്പോള്‍ വല്ലവന്റേയും ചിലവില്‍ അത്തര്‍ വിത്ത് പത്രാസു കാണീച്ചങ്ങു വരികയും ചെയ്യും   ദാറ്റ് മീന്‍സ്  കടമെടുത്ത്  പണ്ടാരടങ്ങുംന്ന്.. പിന്നീടാക്കടം വീട്ടാന്‍ വീണ്ടും ഗള്‍ഫില്‍ ഞങ്ങള്‍ അന്തസ്സായിട്ടുതന്നെ പണിയെടുക്കും .

അല്ലാതെ ഇവിടെ ചിലരേപ്പോലെ കുടുമ്പം നോക്കി മുടിയാനൊന്നും ഞങ്ങളെ കിട്ടില്ല .. ഞങ്ങള്‍ക്കു പെണ്ണുകെട്ടിച്ചുതരാന്‍ നാട്ടുകാര്‍ ക്യൂ നില്‍ക്കുമ്പോള്‍ ആ കാര്യത്തിലും ഞങ്ങള്‍ക്കു ഭയമില്ല . ഏതു വയസ്സിലുള്ളതു വേണമെന്നങ്ങു പറഞ്ഞുകൊടുത്താല്‍ മാത്രം മതിയെന്നു മാത്രമല്ല വട്ടച്ചിലവിനുള്ള കാശും അവര്‍ തരും .

വയസ്സു മുപ്പത്തിയഞ്ചുകഴിഞ്ഞിട്ടും കള്ളക്കാട്ടറബീ നീ പെണ്ണൂകെട്ടാത്തതിന്റെ കാരണം പെണ്ണിനുകൊടുക്കാന്‍ കാശും സ്വന്തമായൊരു ഫ്ലാറ്റും നിനക്കില്ലാത്തതുകൊണ്ടല്ലേ ഞങ്ങള്‍ക്കേ സ്വന്തമായിട്ടൊരു ഫ്ലാറ്റുപോയിട്ട് കുടിച്ചു ഫ്ലാറ്റാവാന്‍ പോലുമുള്ള കെല്‍പ്പില്ലെങ്കിലും പെണ്ണൂകിട്ടും. നീയൊക്കെ പെണ്ണുകിട്ടാതെ ദാഹിച്ചു ദാഹിച്ച് പിടഞ്ഞു മരിക്കും...

പരമദുഷ്ടനായ അറബീ ഞാന്‍ നിന്നോടെന്തു തെറ്റു ചെയ്തിട്ടാ നീയെനിക്കു കഴിഞ്ഞ മാസം ശമ്പളം തരാതിരുന്നത്? നിന്റെ ഒണക്കക്കമ്പനിയിലെ ഡ്യൂട്ടി ടൈമില്‍ എന്റെ സ്വന്തം കാശുകൊടുത്തു വാങ്ങിയ സ്കോച്ചു കഴിച്ചതിനായിരുന്നല്ലോ കോപ്പേ നീയെന്നെ പുറം കാലുകോണ്ടടിച്ചു പറഞ്ഞുവിട്ടത്  ... നീയൊക്കെ ഞങ്ങളുടെ കൊച്ചു കേരളത്തിലെങ്ങാനുമായിരിക്കണം .... ഓരോ ആഘോഷങ്ങള്‍ വരുമ്പോഴും ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വിവേചനമില്ലാതെ ഞങ്ങള്‍ കുടിച്ചുതീര്‍ക്കുന്നതു കണ്ടാല്‍ നീയൊക്കെ അറ്റാക്കു വന്നു മരിച്ചു വീഴും .

എന്നാലും ഒരിക്കല്‍ക്കൂടി ചോദിക്കുകയാ കോപ്പന്‍ അറബീ പ്ലീസ്  നാട്ടിലയക്കാന്‍ വെച്ച കാശെടുത്ത് എനിക്കു കുടിക്കാന്‍ തന്ന പാവം മണ്ടന്മാര്‍ ഇന്നെന്നെ ഇരുത്തിപ്പൊറുപ്പിക്കുന്നില്ല അവര്‍ക്കവരുടെ കാശു വേണം പോലും . അല്ലേലും അവര്‍ക്കു കാശാണല്ലോ വലുത് ഹൃദയം എന്ന ഒന്നില്ലല്ലോ. അവരൊക്കെ സ്വന്തം കുടുമ്പത്തിനും നാട്ടുകാര്‍ക്കും ചുമ്മാ പട്ടിണിമാറ്റാനും കുട്ടികളെകെട്ടിക്കാനും നാടുനന്നാക്കനുമൊക്കെ പണമയച്ചു നശിപ്പിക്കുന്ന കാശുണ്ടായിരുന്നെങ്കില്‍  എന്നേപ്പോലുള്ള തറവാടികള്‍ക്ക് ഈ ഗതി വരില്ലായിരുന്നു ... അവരോടൊക്കെ ദൈവം ചോദിച്ചുകൊള്ളും .... 

അറബീ മുത്തേ ചക്കരേ , കള്ളില്‍ ചാലിച്ച തങ്കമേ   പണ്ടു ഞാന്‍ പല ഇന്ത്യാക്കാര്‍ക്കിട്ടും  നിന്റെ മുപില്‍  കട്ടപ്പാര വെച്ച് അവരെയൊക്കെ നാട്ടിലേക്കു പായ്ക്കു ചെയ്യിച്ചിരുന്നല്ലോ  ആ ബന്ധമോര്‍ത്തെങ്കിലും എന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് വിനീതനായഭ്യര്‍ത്ഥിക്കുന്നതോടൊപ്പം നിങ്ങളുടെ വിലകുറഞ്ഞ ദിര്‍ഹം വാങ്ങാന്‍ ഞാന്‍ തയ്യാറാണെന്നുകൂടി ഉണര്‍ത്തുന്നു.



 ഈ എഴുത്ത് നിന്റെ വീട്ടുജോലിക്കാരി കോട്ടയം തങ്കമ്മയുടെ കയ്യില്‍ കൊടുത്തയക്കുന്നതിനു കാരണം കമ്പനിയിലേ ജോലിക്കാര്‍ തെണ്ടി മലയാളികളെയേല്പിച്ചാല്‍ എനിക്കിട്ടു പാരപണിയാന്‍ വേണ്ടി അവര്‍ മറ്റുപലതുമായിരിക്കും നിനക്കു വായിച്ചു ‘അര്‍ത്ഥം വെച്ചു ’ തരിക എന്നതുകൊണ്ടു മാത്രമാണ്‍് ( ഞാന്‍ പണ്ട് എന്റെ അയല്‍ വാസി വാസുവിനു നാട്ടില്‍ നിന്നും വന്ന കത്ത്  പൊട്ടിച്ചു നിനക്ക് ഞാന്‍ ‘അര്‍ത്ഥം വെച്ചു ’ തന്നതും അവനെ നീ നാട്ടിലേക്കു ജയില്‍ വഴി കയറ്റിയയച്ചതുമെല്ലാം ഇന്നലെ നടന്നപോലെ ഞാനോര്‍ക്കുന്നു )

എന്നു സ്വന്തം കോരപ്പന്‍ അലിയാസ് നിന്റെ അല്‍ കോരു.