16.5.10

യൂസ്ഡ് ഭര്‍ത്താവ്

ഒത്തിരി പഴയ ഒരു കാലത്താണു കഥ നടക്കുന്നത്. ആ കാലത്ത് പ്രേമിക്കാനൊരാളെക്കിട്ടാതെ അലഞ്ഞു തിരിയുകയായിരുന്നു ഞാന്‍.

  പ്രേമം എന്ന സംഗതി ഭയങ്കരമായ സംഭവമാണെന്ന് കഥകളിലൂടെയും കവിതകളിലൂടെയും സിനിമയിലൂടെയുമെല്ലാം നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലൊ.

ഏതൊരു സിനിമാ കണ്ടാലും അതിലെ നായികയെ എന്റെ നായികാസ്ഥാനത്തു സങ്കല്പിച്ചു നോക്കുക പതിവായിരുന്നു. പല പോരായ്മകളും അവരിലെല്ലാം കണ്ടതുകൊണ്ടായിരുന്നു അവരെയൊന്നും പ്രേമിക്കാന്‍ ഈ ഞാന്‍ തയ്യാറാവാതിരുന്നത്.

അങ്ങിനെ ചുരുക്കിപ്പറയട്ടെ എന്റെ സങ്കല്പത്തിലെ സംഗതികളെല്ലാം ഒത്തിണങ്ങിയിട്ടുണ്ടോ എന്നുനോക്കാന്‍ തരുണികള്‍ ബസ്സിനുകാത്തുനില്‍ക്കുന്നിടത്തും , മുഖം കഴുകുന്നിടത്തും എന്തിനേറെപ്പറയണം കുളിക്കടവില്‍പ്പോലും ചെന്ന് സംഗതി നോക്കിയ എന്നെ പലവട്ടം തെങ്ങില്‍ക്കെട്ടിയിട്ടടിച്ചതുകൊണ്ടായിരുന്നു നാട്ടുകാരെനിക്കു തെങ്ങുവാസു എന്നു പേരിട്ടത് (വല്ലപ്പോഴും സംഗതി നോക്കി നോക്കി  തെങ്ങില്‍ക്കയറുമെന്നല്ലാതെ ഇതുവരേ ഞാന്‍ തേങ്ങയിട്ടിട്ടില്ല എന്നതു പച്ചയായ സത്യമാണു).

എന്റെ സംഗതിനോട്ടം നാട്ടിലെപെണ്‍പിള്ളേരുടെ നിലനില്‍പ്പിനും വംശനാശത്തിനും വരേ കാരണമാകുമെന്നു കണ്ടപ്പോള്‍   നാട്ടുകാര്‍ നന്നായിട്ടു സ്വീകരണം തന്നുകൊണ്ടുതന്നെ എന്നെ കള്ളവണ്ടികയറ്റി ബോംബെയിലെത്തിച്ചു.

ബോംബയില്‍ പല സംഗതികളും കണ്ടുവളര്‍ന്ന ഞാന്‍  ചേരികളില്‍ അടിപിടികൂടിയും അടിച്ചുമാറ്റിയും മെല്ലെ   വളര്‍ന്നുകൊണ്ടിരുന്നു. കാറും ബംഗ്ലാവും വരേ എനിക്കു സ്വന്തമായപ്പോള്‍ പോലും ഞാനന്വേഷിച്ചിരുന്ന സംഗതികളുള്ള മനസ്സുമാത്രം എനിക്കു കിട്ടിയില്ല.

ദാഹിക്കുന്നവനു വാരിക്കോരി നല്‍കി ദാഹശമനം വരുത്തി തന്റെ കുഞ്ഞിന്റെ ദാഹം മാറ്റുന്ന അമ്മമാര്‍ മുതല്‍  കണ്ടവന്റെ ദാഹം ശമിപ്പിക്കാന്‍ തന്റെ പിഞ്ചുകുഞ്ഞിന്റെ ചോരയൂറ്റി വിലപേശുന്ന അമ്മമാരെ വരെ കണ്ടപ്പോള്‍ നിര്‍വികാരമായിരുന്നു മനസ്സില്‍.

ഭൂമിയില്‍  സംഗതികളെല്ലാമൊത്തിണങ്ങിയ പ്രേമമെന്നത് വെറും സാങ്കല്‍പ്പികമാണെന്ന തിരിച്ചറിവു വന്നപ്പോഴായിരുന്നു അവള്‍ കടന്നുവന്നത്.

അതേ അവള്‍ തന്നെ വര്‍ഷങ്ങളായി ഞാനന്വേഷിച്ചിരുന്നവള്‍ ! എല്ലാ സംഗതികളുമൊത്തിണങ്ങിയവള്‍ !! ദൈനംദിനമായ കണ്ടുമുട്ടലുകള്‍ ഞങ്ങളിലെ ദൂരം കുറച്ചുകൊണ്ടിരുന്നു.

ദൂരങ്ങള്‍ കുറഞ്ഞുകുറഞ്ഞു ഞങ്ങളില്‍ ദൂരം ഒട്ടും അവശേഷിക്കാതിരുന്ന ഒരു വേളയില്  അവളെന്നോടു ചോദിച്ചു.
“ ചേട്ടനു കുട്ടികളെ ഇഷ്ടമാണൊ?...”
എന്റെ സങ്കല്പത്തിലെ പെണ്ണുചോദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന അതേ ചോദ്യം അവളെന്നോട് ചോദിച്ചിരിക്കുന്നു. നാഗരികതയില്‍ മുങ്ങി നാം രണ്ട് നമുക്കൊന്നുംതന്നെവേണ്ട എന്ന തത്വത്തില്‍ വിശ്വസിക്കാത്ത എന്റെ നായിക ഇവള്‍തന്നെയെന്നു ഞാനുറപ്പിച്ചു. അതെ കുട്ടികളെയെനിക്കൊരുപാടൊരുപാടിഷ്ടമാണെന്നുപറഞ്ഞു.

അവളുടെ മുഖത്തു മിന്നിമറഞ്ഞസന്തോഷം എനിക്കൂഹിക്കാവുന്നതേ ഉണ്ടായിരുന്നു. അവളുടെ സങ്കല്‍പ്പത്തിലെ നായകനില്‍ നിന്നും അവള്‍ പ്രതീക്ഷിച്ചിരുന്ന മറുപടിതന്നെയാണ്‍് എന്നില്‍നിന്നും അവള്‍ക്കു കിട്ടിയത്.

താലിമാലയിലും മന്ത്രകോടിയിലുമുള്ള വിശ്വാസം വെറും സാങ്കല്പികമാണെന്നു തെളിയിക്കുന്ന തെളിവുകള്‍ സ്വന്തം നാട്ടില്‍ കണ്ടുമടുത്തിരുന്നതിനാലായിരുന്നു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറിയിലെ ശീതളിമയില്‍ ഞങ്ങളൊന്നായത് . പണത്തിനുമുകളില്‍ മറ്റെന്തൊക്കെയോ ഉണ്ടെന്നു മനസ്സിലായ നിമിഷത്തില്‍ അവളൊരിക്കല്‍ക്കൂടി എന്നോട് ചോദിച്ചു

“ സത്യമായിട്ടും ചേട്ടനു കുട്ടികളെ ഇഷ്ടമാണൊ?”

മറുപടിയായിക്കിട്ടിയചുമ്പനത്തിന്റെ ലഹരിയില്‍ അവളുറക്കത്തിലേക്കു വഴുതിയപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഞാനാണെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു.

പകലോന്റെ കതിരുകള്‍ ഉറക്കത്തിന്റെ ആലസ്യം കളഞ്ഞപ്പോഴായിരുന്നു  അവള്‍ക്കായിപ്പരതിയ കൈകള്‍ നിരാശപ്പെട്ടത്. ഹോട്ടലിലാകെ അവളെയന്വേഷിച്ചിട്ടും കാണാതിരുന്നപ്പോള്‍  മനസ്സില്‍ ആധിമാത്രം ബാക്കിയായി .

ഇത്രയും വെളുപ്പിനു അവളെവിടെപ്പോയി?!
ഹോട്ടലിനു പിറകുവശത്തായി കണ്ണെത്താ ദൂരത്തോളം ആഴമുള്ള കൊക്കയിലേക്കു നോക്കിയിരിക്കാന്‍ എതു രസമായിരുന്നെന്നവള്‍ ഇന്നലെ പറഞ്ഞതോര്‍ത്തപ്പോള്‍ എന്തെന്നില്ലാത്ത ഭീതി സിരകളില്‍ പടര്‍ന്നുനിന്നു. ഹോട്ടലിന്റെ പ്രധാന കവാടവും കടന്നു കൊക്കയെ ലക്ഷ്യമാക്കി നടക്കുമ്പോഴായിരുന്നു പിറകില്‍നിന്നും “ചേട്ടാ..” എന്നുള്ള അവളുടെ വിളി കേട്ടത്.

സന്തോഷവും സങ്കടവും ഒന്നിച്ചുവന്നപ്പോള്‍ ഞാനവളെ തുറിച്ചുനോക്കിനിന്നു. അവളുടെ കൂടെ അവളുടെ കൈപിടിച്ചുകൊണ്ടു രണ്ടുകുട്ടികളുണ്ടായിരുന്നു . ഞാന്‍ ചോദ്യഭാവേന അവളെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു.

“ചേട്ടന്‍ ഇന്നലെ പറഞ്ഞില്ലായിരുന്നോ കുട്ടികളെ ഇഷ്ടമാണെന്ന് . ഇവര്‍ രണ്ടുപേരും എന്റെ പഴയ ദരിദ്രവാസിയായ യൂസ്ഡ് ഭര്‍ത്താവില്‍  എനിക്കുണ്ടായ കുട്ടികളാണ്‍് . ചേട്ടനു സര്‍പ്രൈസായിക്കോട്ടെ എന്നുകരുതിയായിരുന്നു ഞാന്‍ പറയാതെ പോയി ഇവരെയും വിളിച്ചുവന്നത് ഇപ്പോള്‍ ചേട്ടെന്റെ മനസ്സു നിറഞ്ഞല്ലോ?”

കുട്ടികളെയിഷടമാണൊയെന്നവള്‍ ചോദിച്ചതില്‍ ഇത്രയൊക്കെ പൊരുളുകളുണ്ടെന്നു  മനസ്സിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം യൂസ്ഡ് ഭര്‍ത്താവെന്ന മഹത്തായ പദവും ഞാന്‍ പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു.



**********************
സര്‍ , മുകളില്‍ ഞാനെഴുതിയതാണു എന്റെ പുതിയ കഥ, ഇതു വായിച്ച് പതിവുപോലെ സ്റ്റാമ്പില്ലാത്തതിന്റെ പേരില്‍  ചവറ്റുകുട്ടയിലിടരുത്  എന്നൊരു അപേക്ഷയോടൊപ്പം തിരിച്ചയയ്ക്കാനുള്ള സ്റ്റാമ്പും ഇതില്‍ പണ്ടാരമടക്കിയിട്ടുണ്ട് .
 എന്നു താഴ്മയോടെ കഥാകാരന്‍ അലിയാസ് ഇറച്ചിവാസു (തെങ്ങ് വാസൂന്നും പറയും).

ഇത്രയും വായിച്ച മോഡേര്‍ണ്‍ സ്റ്റോറി മാഗസിന്റെ ചീഫ് എഡിറ്റര്‍  കഥയെടുത്ത് പതിവുപോലെ ചവറ്റുകുട്ടയിലിട്ടശേഷം കത്തില്‍ നിന്നു കിട്ടിയ സ്റ്റാമ്പെടുത്ത് തന്റെ സ്റ്റാമ്പുബിസിനസ്സിനസ്സ്ശേഖരത്തിലേക്കു കൂട്ടിച്ചേര്‍ത്തു.

11.5.10

തൊമ്മിച്ചന്റെ നൊസ്റ്റാള്‍ജിയ

“...............
...........
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ...“

മുറ്റത്തുനിന്നും കുട്ടികള്‍ ഉറക്കെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. തോട്ടുങ്കല്‍ തൊമ്മിച്ചന്‍  ഇതുകേട്ട് ഞെട്ടിയുണര്‍ന്നു ചുറ്റുപാടും പകച്ചുനോക്കി.

ഇലകള്‍ പച്ച .... പൂക്കള്‍ മഞ്ഞ .... തുടങ്ങിയ പദങ്ങള്‍ നമ്മെ മഞ്ചാടിക്കുരുവിന്റെയും,  സ്ലേറ്റു പെന്‍സിലിന്റെയും , മയില്‍പ്പീലിയുടെയുമെല്ലാം ലോകത്തേയ്ക്ക്  കൈപിടിച്ച് കൊണ്ടുപോകുമെന്നത് പ്രകൃതിസത്യമാണെങ്കില്‍  തോട്ടുങ്കല്‍ തൊമ്മിച്ചനെ ഇവറ്റകള്‍ കൊണ്ടുപോകുന്നത് മറ്റു പലയിടത്തേക്കുമായിരുന്നു.

ഇപ്പോള്‍ ജീവിതത്തിന്റെ മുക്കാല്‍ സെഞ്ചുറിയുമടിച്ചുനില്‍ക്കുന്ന തൊമ്മിച്ചന്‍് പണ്ടുപണ്ടൊരാഗ്രഹം തോന്നി. ഒരിക്കല്‍ മാത്രം തോന്നിയ ഒരേയൊരാഗ്രഹം! മാതാവിന്റെ വയറ്റില്‍നിന്നും പുറത്തുചാടി മുപ്പത്തിയെട്ടു സംവത്സരങ്ങള്‍ക്കു ശേഷമുദിച്ച ആ ഒരേയൊരാഗ്രഹമെന്താണെന്നുവെച്ചാല്‍ മറ്റൊന്നുമായിരുന്നില്ല. ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും എന്നുമാത്രമല്ല സായിപ്പിനെപ്പോലെ സംസാരിക്കാനും പഠിക്കണമെന്നതായിരുന്നു!

 തന്റെ അപ്പനപ്പാപ്പന്മാരുടെ തറവാടിന്റെ പേരുംകൂടികൂട്ടിയിട്ട ‘തോട്ടുങ്കല്‍ തൊമ്മിച്ചന്‍ ’ എന്ന നാമം മലയാളത്തില്‍ നേരെചൊവ്വെ പോയിട്ട് വളഞ്ഞുകുത്തിപ്പോലുമെഴുതാനറിയില്ല എന്നതില്‍ തൊമ്മിച്ചനു വിഷമമില്ല സങ്കടമില്ല എന്നുമാത്രമല്ല ഈ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരുകുന്തവുമില്ല.

പള്ളിക്കൂടത്തില്‍ പോകുന്നവര്‍ ഒരുപണിയുമില്ലാത്തവരോ അല്ലെങ്കില്‍ ഒരുപണിയുമെടുക്കാന്‍ വയ്യാത്ത മടിയന്മാരോആണെന്നത് ആര്‍ക്കാണറിയാന്‍പാടില്ലാത്തത് . ഇത്തരം മടിയന്മാരെയും അവര്‍ക്കുവേണ്ടി പള്ളിക്കൂടം നടത്തുന്നവരെയും തൊമ്മിച്ചനു അറപ്പാണ്‍് വെറുപ്പാണ്‍് . അതുകൊണ്ടുതന്നെയാണ്‍് തൊമ്മിച്ചന്‍ പള്ളിക്കൂടത്തില്‍ പോയി നശിച്ചുപോകാതിരുന്നതും!


പക്ഷെ ഇന്നു സ്ഥിതി അതല്ല കാരണം മലയാളം പഠിച്ചില്ലായെങ്കിലും ലണ്ടനീന്നുവന്ന ശോഷാമ്മയുടെ മോള്‍ സൂസിക്കൊച്ചിനോട് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കണമെങ്കില്‍ ഇംഗ്ലീഷുതന്നെവേണ്ടായൊ? സൂസിക്കൊച്ചിനെക്കാണുമ്പോള്‍ തൊമ്മിച്ചനു വല്ലാത്ത ‘ഒരിത്’ തോന്നും.  തൊമ്മിച്ചന്റെ നേരെ ഇളയ ജോസൂട്ടിയാണെങ്കില്‍ പകുതി ഇംഗ്ലീഷു പഠിച്ചിട്ടുണ്ട്  ( A മുതല്‍ M വരേ) . ആയതിനാല്‍ തൊമ്മിച്ചന്‍ ഫുള്ളു പഠിച്ചില്ലാ എങ്കില്‍ നാണക്കേടു തൊമ്മിച്ചനുതന്നെയല്ലിയോ.

അങ്ങിനെയാണ്‍ സന്ധ്യകഴിഞ്ഞ് നേരമല്ലാനേരത്ത് തോട്ടുങ്കല്‍ തൊമ്മിച്ചന്‍ ഇംഗ്ലീഷ് പഠിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ   പട്ടാളം പുഷ്കരന്റെ ഭാര്യ കല്യാണിട്ടീച്ചറുടെ വീട്ടുപടിക്കലെത്തിയത്.

അകത്തുനിന്നും കല്യാണിട്ടീച്ചറുടെ കാല്‍ഡസണ്‍ മക്കള്‍ കഴിവിന്റെ പരമാവധി തൊണ്ടയുടെ വോള്യം കൂട്ടിവെച്ച് കളിക്കുന്ന ശബ്ദം അങ്ങ് നങ്ങേലിപ്പാറയും കടന്ന് കോട്ടപ്പടി അങ്ങാടിവരേ മുഴങ്ങിക്കേള്‍ക്കാമായിരുന്നു.

“ നാരങ്ങ നാല്‍്
ചുണ്ടയ്ക്ക രണ്ട്...
ഇലകള്‍ പച്ച..
പൂക്കള്‍ മഞ്ഞ...”

തങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന വാക്കില്‍ കതിരോ പതിരോ തവിടോ എന്തെങ്കിലുമുണ്ടോ എന്നൊന്നുംനോക്കാതെ അവറ്റകള്‍ ഉറക്കെ വിളിച്ചുകൂവുകയാണ്‍്.

ഏതായാലും തന്റെ സദുദ്ദേശ ആഗമനം കല്യാണിട്ടീച്ചറെ അറിയിക്കാന്‍ നമ്മുടെ തൊമ്മിച്ചന്‍ ടീച്ചറുടെ വീട്ടുപടിക്കലിരുന്നു ഉറക്കെ വിളിച്ചുകൂവി ....
“കല്യാണിട്ടീച്ചറേ.... കല്യാണിട്ടീച്ചര്‍.......”

 ഇലകള്‍ പച്ചയിലും പൂക്കള്‍ മഞ്ഞയിലും കുളിച്ചുനിന്ന കര്‍ണ്ണകഠോരപ്രകൃതിയില്‍  തൊമ്മിച്ചന്റെ കല്യാണിട്ടീച്ചര്‍ വെറും ആനവായില്‍ അമ്പഴങ്ങപോലയേ ഉണ്ടായിരുന്നുള്ളു.

അവസാനം ഒരു ഗതിയും കിട്ടാതെ വന്നപ്പോഴാണ്‍് ടീച്ചറെ ജനലിലൂടെ വിളിച്ചു കാര്യം പറയാമെന്നു വെച്ച് തൊമ്മിച്ചന്‍ ജനലിനടുത്തേക്കു ചെന്നത് .. അകത്തുനോക്കിയപ്പോള്‍ ആരേയും കണ്ടില്ല .. വീണ്ടും കുറച്ചു പൊക്കത്തിലായി മറ്റൊരു ജനലില്‍ക്കൂടി മങ്ങിയ വെളിച്ചം കണ്ടപ്പോള്‍  നേരേ അങ്ങോട്ടുചെന്നു.

വെറും കാലില്‍ നിന്നാല്‍ ജനലിനടുത്തേക്ക് എത്തുമായിരുന്നില്ല അതുകൊണ്ടായിരുന്നു തൊമ്മിച്ചന്‍ വളരെ ബുദ്ധിമുട്ടി തന്റെ ആന്ദ്രവായുവിനേവരേ നിയന്ത്രിച്ച് അടുത്തുകണ്ട തെങ്ങിന്‍ മടല്‍ ചുവരില്‍ ചാരിവെച്ച് അതില്‍ക്കയറി ജനലിലൂടെ നോക്കിയത്....

പിന്നീട് തൊമ്മിച്ചനു ഒന്നുംതന്നെയോര്‍മ്മയുണ്ടായിരുന്നില്ല . എങ്ങുനിന്നോ കാലങ്കോഴിയുടെ മൂളല്‍ പോലെ ഒരു ശബ്ദം മാത്രം അവ്യക്തമായി കേട്ടു......

“ ഇലകള്‍ പച്ച ...
പൂക്കള്‍ മഞ്ഞ...”

പിന്നീട് നാലുദിവസങ്ങള്‍ക്കു ശേഷം ബോധം തിരിച്ചുവന്നപ്പോഴാണറിയുന്നത് . കല്യാണിട്ടീച്ചറുടെ കുളിമുറിയുടെ ജനലിലേയ്ക്കായിരുന്നു തന്റെ ഇംഗ്ലീഷിനു ദാഹിച്ച ചാടിക്കയറ്റെമെന്നും , ടിച്ചര്‍ കുളിക്കുമ്പോള്‍ സ്ഥിരമായി ജനലില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന നിഴലിനെപ്പറ്റിയുള്ള പരാതികിട്ടിയ ഭര്‍ത്താവ് പുഷ്കരന്‍ ചേട്ടന്‍ പട്ടാളത്തില്‍നിന്നും പരാതിലീവെടുത്ത് നിഴലിനെപ്പിടിക്കാന്‍ നാട്ടില്‍ വന്നു ഉലക്കയുമായി വീടിനു ചുറ്റും ചുറ്റിത്തിരിയുന്ന സമയത്തായിരുന്നു താന്‍ അവിടെ എത്തിയതെന്നും .

അതുമാത്രമായിരുന്നില്ല തോട്ടുങ്കല്‍ തൊമ്മിച്ചന്‍ എന്ന തന്റെ തറവാട്കൂട്ടിയിട്ട പേര്‍ അന്നുമുതല്‍ നാട്ടുകാര്‍ കുളിമുറിയ്ല് തൊമ്മന്‍ എന്നാക്കി മാറ്റിയതും ഈ സംഭവത്തിനു ശേഷമായിരുന്നു ....

മുറ്റത്തുനിന്നും തന്റെ കൊച്ചുമക്കള്‍ .......... ഇലകള്‍ പച്ച ...പൂക്കള്‍ .... എന്നുപറഞ്ഞുകളിച്ചുതുടങ്ങിയപ്പോള്‍ തോട്ടുങ്കല്‍ തൊമ്മിച്ചന്‍ പതിവുപോലെ സോഡാക്കുപ്പിയിലെ ഗോലിയെടുത്ത് തന്റെ രണ്ടു ചെവികളിലും തിരുകിവെച്ചു. എന്നിട്ടു വീണ്ടും നിദ്രാദേവിയുടെ വരവിനായി കണ്ണുകള്‍ ഇറുക്കിയടച്ചു.