22.7.10

കോപ്പിലെ ദിര്‍ഹം!!

ദുഷ്ടനായ മിസ്റ്റര്‍ അറബീ, നിന്റെ കോപ്പിലെ  ദിര്ഹം ഇനിയാര്‍ക്കു വേണമെഡാ ഛേ... ആലോചിക്കുമ്പോള്‍ ഓക്കാനം വരുന്നു.  സ്വന്തമായിട്ടൊരു ചിഹ്നമില്ലാത്ത കറന്‍സി ...

ഞങ്ങള്‍ ഇന്ത്യാക്കാര്‍ക്കേ വിലയില്ലാഎങ്കിലും ഞങ്ങളുടെ നോട്ടിനു ഇനിയൊരുവിലയൊക്കെയുണ്ട് മോനേ... ഞങ്ങളുടെ രൂപായ്ക്കും ഒരു ചിഹ്നമൊക്കെയായി ....

പിന്നെ ഇന്ത്യാക്കാരായ ഞങ്ങള്‍  അരി, പഞ്ചസാര, ഉപ്പ്, മുളക് , കര്‍പ്പൂരം, തേങ്ങാപ്പൊടി ഒലക്കേടെ മൂട്  തുടങ്ങിയവ ഇനി ചിഹ്നമുള്ള രൂപാ വലിച്ചെറിഞ്ഞുകൊടുത്തായിരിക്കും വാങ്ങിക്കുക.... വലിച്ച്.................. എറിഞ്ഞുകൊടുത്ത് ങാ... 

വിലകൂടിയാല്‍ ഞങ്ങള്‍ക്കതൊരു കുന്തവുമല്ല .. ഞങ്ങളേ തറവാട്ടുകാരാ... തറവാട്ടുകാര്‍ ... അതുകൊണ്ടുതന്നെ വിലയെങ്ങാനും കുറഞ്ഞുപോയാല്‍ ഒരു വക ഞങ്ങള്‍ വാങ്ങിക്കില്ലഎന്നുമാത്രമല്ല വിലകൂട്ടാന്‍  വേണ്ടി ഞങ്ങള്‍ കരിഞ്ചന്തക്കാര്‍ക്കു കഞ്ഞിവെച്ചു വിളമ്പുകയും ചെയ്യും.

100 രൂപയ്ക്ക് ഞങ്ങളുടെ നാട്ടിന്‍പുറത്തുകിട്ടുന്ന  കോട്ടണ്‍ ഷര്‍ട്ടു വാങ്ങിക്കാതെ കിലോമീറ്ററുകള്‍ താണ്ടി നഗരത്തില്‍ ചെന്ന് അതേ ബ്രാന്റ് ഷര്‍ട്ടു  1001 രൂപാ ചിഹ്നം കൊടുത്തുഞങ്ങളെടുക്കും .. അത്താണു ഞങ്ങള്‍.

നിന്റെയൊക്കെ നാട്ടില്‍ ചൈനയുടെ പ്രൊഡക്റ്റല്ലാതെ വേറെയെന്താണുള്ളത് കോപ്പന്‍ അറബീ..

 ഞങ്ങളേ .. സ്വന്തമായി കൃഷിയുള്ളവരാ അതുഞങ്ങള്‍ ഞങ്ങളുടെ കുത്തകമുതലാളിമാരായ ഹോള്‍സൈല്‍ കം റീട്ടൈല്‍ പുലികള്‍ക്ക്  ചുമ്മാ കൊടുക്കും ... അവര്‍ കണ്ടറിഞ്ഞു വല്ലതും തന്നാല്‍ മാത്രം വാങ്ങിക്കും (കാരണമറിയാമല്ലോ .. ഞങ്ങള്‍ തറവാടികളാ) .

മുതലാളിമാരതു വളരെ ഭംഗിയായി പായ്ക്കുചെത് പത്തിരട്ടി വിലയിട്ടു ഞങ്ങള്‍ക്കു തരുമ്പോള്‍  അതിലാണു ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് .. അതാണു ഞങ്ങള്‍ക്കു ലഹരി... ഇതൊന്നും തറവാടില്ലാത്ത നിനക്കൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല.  നിനക്കു നിന്റെ കമ്പനിയില്‍ വര്‍ക്കു നടന്നാല്‍ മതിയല്ലോ..

ഗള്‍ഫുപണം കൊണ്ടല്ലെടാ നിങ്ങളൊക്കെ നന്നായത് എന്നൊരു ചിന്ത നിനക്കുണ്ടാകും ... അതു വേണ്ടമോനെ വേണ്ട ... നിന്റെയൊക്കെ  കമ്പനിയില്‍ ഞങ്ങള്‍  പതിനെട്ടു മണിക്കൂര്‍ ജോലിചെയ്യുന്നതിന്റെ പത്തിലൊരുഭാഗം ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ ചെയ്തിരുന്നെങ്കില്‍ നിന്റെയൊക്കെ കോപ്പ് ഗള്‍ഫ് ഇന്നു കെട്ടിത്തൂങ്ങി ചത്തുപോയിട്ടുണ്ടാകും. പക്ഷേ ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ പണിയെടുക്കില്ല അതുഞങ്ങള്‍ക്ക് അറപ്പാണ്‍് വെറുപ്പാണ്‍്  കാരണം ഞാന്‍ നിന്നോടു പറഞ്ഞു കഴിഞ്ഞു .. ഞങ്ങള്‍ക്കു ഞങ്ങളുടെ തവാറാടും അന്തസ്സും ഒക്കെയാ വലുത് ..

ഇവിടെ ചില മണ്ടന്മാര്‍ ജോലിചെയ്യുന്നുണ്ട് നാടിനെ പറയിപ്പിക്കാന്‍ .. അവരു കുടുമ്പം നോക്കുകയാണു പോലും!  മാസ്സാമ്മാസം ചിലവു കഴിച്ചു മിച്ചം വരുന്ന സംഖ്യ അപ്പടി നാട്ടിലയച്ചുകൊടുക്കും .. എന്നിട്ട് അവരുടെയൊക്കെ  പിള്ളാര്‍ നാട്ടില്‍ ബിസിനസ്സോ കൃഷിയോ ഒക്കെ നടത്തി വീണ്ടും കാശുണ്ടാക്കുമെന്നു മാത്രമല്ല ലീവിനു നാട്ടില്‍ പോയാല്‍  പാടത്തും പറമ്പത്തും കിളച്ചുമറിച്ച് നൊസ്റ്റാള്‍ജിയാന്നും പാടി നടക്കും   .. ഇതൊക്കെ അന്തസ്സും അഭിമാനവും അതിലുപരി തറവാട്ടുമഹിമയുമുള്ള ഒരു ഇന്ത്യാക്കാരനു ചേര്‍ന്നതാണൊ ?

അതിനൊക്കെ എന്നേപ്പോലെയുള്ളവരെ കണ്ടുപഠിക്കണം പത്തുദിര്‍ഹം കിട്ടിയാല്‍ പതിനഞ്ചുദിര്‍ഹം ഗള്‍ഫില്‍ ചിലവഴിക്കുമെന്നു മാത്രമല്ല  നാട്ടില്‍ വരുമ്പോള്‍ വല്ലവന്റേയും ചിലവില്‍ അത്തര്‍ വിത്ത് പത്രാസു കാണീച്ചങ്ങു വരികയും ചെയ്യും   ദാറ്റ് മീന്‍സ്  കടമെടുത്ത്  പണ്ടാരടങ്ങുംന്ന്.. പിന്നീടാക്കടം വീട്ടാന്‍ വീണ്ടും ഗള്‍ഫില്‍ ഞങ്ങള്‍ അന്തസ്സായിട്ടുതന്നെ പണിയെടുക്കും .

അല്ലാതെ ഇവിടെ ചിലരേപ്പോലെ കുടുമ്പം നോക്കി മുടിയാനൊന്നും ഞങ്ങളെ കിട്ടില്ല .. ഞങ്ങള്‍ക്കു പെണ്ണുകെട്ടിച്ചുതരാന്‍ നാട്ടുകാര്‍ ക്യൂ നില്‍ക്കുമ്പോള്‍ ആ കാര്യത്തിലും ഞങ്ങള്‍ക്കു ഭയമില്ല . ഏതു വയസ്സിലുള്ളതു വേണമെന്നങ്ങു പറഞ്ഞുകൊടുത്താല്‍ മാത്രം മതിയെന്നു മാത്രമല്ല വട്ടച്ചിലവിനുള്ള കാശും അവര്‍ തരും .

വയസ്സു മുപ്പത്തിയഞ്ചുകഴിഞ്ഞിട്ടും കള്ളക്കാട്ടറബീ നീ പെണ്ണൂകെട്ടാത്തതിന്റെ കാരണം പെണ്ണിനുകൊടുക്കാന്‍ കാശും സ്വന്തമായൊരു ഫ്ലാറ്റും നിനക്കില്ലാത്തതുകൊണ്ടല്ലേ ഞങ്ങള്‍ക്കേ സ്വന്തമായിട്ടൊരു ഫ്ലാറ്റുപോയിട്ട് കുടിച്ചു ഫ്ലാറ്റാവാന്‍ പോലുമുള്ള കെല്‍പ്പില്ലെങ്കിലും പെണ്ണൂകിട്ടും. നീയൊക്കെ പെണ്ണുകിട്ടാതെ ദാഹിച്ചു ദാഹിച്ച് പിടഞ്ഞു മരിക്കും...

പരമദുഷ്ടനായ അറബീ ഞാന്‍ നിന്നോടെന്തു തെറ്റു ചെയ്തിട്ടാ നീയെനിക്കു കഴിഞ്ഞ മാസം ശമ്പളം തരാതിരുന്നത്? നിന്റെ ഒണക്കക്കമ്പനിയിലെ ഡ്യൂട്ടി ടൈമില്‍ എന്റെ സ്വന്തം കാശുകൊടുത്തു വാങ്ങിയ സ്കോച്ചു കഴിച്ചതിനായിരുന്നല്ലോ കോപ്പേ നീയെന്നെ പുറം കാലുകോണ്ടടിച്ചു പറഞ്ഞുവിട്ടത്  ... നീയൊക്കെ ഞങ്ങളുടെ കൊച്ചു കേരളത്തിലെങ്ങാനുമായിരിക്കണം .... ഓരോ ആഘോഷങ്ങള്‍ വരുമ്പോഴും ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വിവേചനമില്ലാതെ ഞങ്ങള്‍ കുടിച്ചുതീര്‍ക്കുന്നതു കണ്ടാല്‍ നീയൊക്കെ അറ്റാക്കു വന്നു മരിച്ചു വീഴും .

എന്നാലും ഒരിക്കല്‍ക്കൂടി ചോദിക്കുകയാ കോപ്പന്‍ അറബീ പ്ലീസ്  നാട്ടിലയക്കാന്‍ വെച്ച കാശെടുത്ത് എനിക്കു കുടിക്കാന്‍ തന്ന പാവം മണ്ടന്മാര്‍ ഇന്നെന്നെ ഇരുത്തിപ്പൊറുപ്പിക്കുന്നില്ല അവര്‍ക്കവരുടെ കാശു വേണം പോലും . അല്ലേലും അവര്‍ക്കു കാശാണല്ലോ വലുത് ഹൃദയം എന്ന ഒന്നില്ലല്ലോ. അവരൊക്കെ സ്വന്തം കുടുമ്പത്തിനും നാട്ടുകാര്‍ക്കും ചുമ്മാ പട്ടിണിമാറ്റാനും കുട്ടികളെകെട്ടിക്കാനും നാടുനന്നാക്കനുമൊക്കെ പണമയച്ചു നശിപ്പിക്കുന്ന കാശുണ്ടായിരുന്നെങ്കില്‍  എന്നേപ്പോലുള്ള തറവാടികള്‍ക്ക് ഈ ഗതി വരില്ലായിരുന്നു ... അവരോടൊക്കെ ദൈവം ചോദിച്ചുകൊള്ളും .... 

അറബീ മുത്തേ ചക്കരേ , കള്ളില്‍ ചാലിച്ച തങ്കമേ   പണ്ടു ഞാന്‍ പല ഇന്ത്യാക്കാര്‍ക്കിട്ടും  നിന്റെ മുപില്‍  കട്ടപ്പാര വെച്ച് അവരെയൊക്കെ നാട്ടിലേക്കു പായ്ക്കു ചെയ്യിച്ചിരുന്നല്ലോ  ആ ബന്ധമോര്‍ത്തെങ്കിലും എന്നെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് വിനീതനായഭ്യര്‍ത്ഥിക്കുന്നതോടൊപ്പം നിങ്ങളുടെ വിലകുറഞ്ഞ ദിര്‍ഹം വാങ്ങാന്‍ ഞാന്‍ തയ്യാറാണെന്നുകൂടി ഉണര്‍ത്തുന്നു.



 ഈ എഴുത്ത് നിന്റെ വീട്ടുജോലിക്കാരി കോട്ടയം തങ്കമ്മയുടെ കയ്യില്‍ കൊടുത്തയക്കുന്നതിനു കാരണം കമ്പനിയിലേ ജോലിക്കാര്‍ തെണ്ടി മലയാളികളെയേല്പിച്ചാല്‍ എനിക്കിട്ടു പാരപണിയാന്‍ വേണ്ടി അവര്‍ മറ്റുപലതുമായിരിക്കും നിനക്കു വായിച്ചു ‘അര്‍ത്ഥം വെച്ചു ’ തരിക എന്നതുകൊണ്ടു മാത്രമാണ്‍് ( ഞാന്‍ പണ്ട് എന്റെ അയല്‍ വാസി വാസുവിനു നാട്ടില്‍ നിന്നും വന്ന കത്ത്  പൊട്ടിച്ചു നിനക്ക് ഞാന്‍ ‘അര്‍ത്ഥം വെച്ചു ’ തന്നതും അവനെ നീ നാട്ടിലേക്കു ജയില്‍ വഴി കയറ്റിയയച്ചതുമെല്ലാം ഇന്നലെ നടന്നപോലെ ഞാനോര്‍ക്കുന്നു )

എന്നു സ്വന്തം കോരപ്പന്‍ അലിയാസ് നിന്റെ അല്‍ കോരു.

19.6.10

'അവളുടെ രാവുകള്‍' .. ഒരു കൊടും ചതിയുടെ കഥ

 കുറച്ചുനാളുകള്‍ക്കു മുന്‍പുവരേ ഞങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവളും കണ്ണിനു കുളിര്‍മ്മയുമായിരുന്ന ശ്വേതേച്ചി വായിച്ചറിയുവാന്‍ ഒരു കൂട്ടം മലയാളിക്കുട്ടന്‍മാര്‍ സമര്‍പ്പിക്കുന്നത്‌.

 ഒരുപാടു സിനിമകളിലും അതുപോലെ ചാനലിലൂടെയുമൊക്കെയായി റിയാലിറ്റി ഞങ്ങള്‍ക്കൊക്കെ ഷോചെയ്തു തന്നുകൊണ്ടു ഞങ്ങളെയെല്ലാം തൃപ്തരാക്കിയിരുന്ന ഞങ്ങളുടെ ഓരോരുത്തരുടെയും ഉറക്കത്തിണ്റ്റെ പകുതി അവകാശിയും ഭാവിയിലെ ഞങ്ങളുടെ പ്രതീക്ഷയുമായിരുന്ന ശ്വേതേച്ചി നിങ്ങള്‍ ഞങ്ങളോടു ചെയ്ത കൊടും ചതിയുടെ കഥ കേള്‍ക്കണമെങ്കില്‍ മുപ്പതോളം വര്‍ഷങ്ങള്‍ പിറകിലോട്ടു പോണം .

1980 എന്ന തങ്കലിപികളാലെഴുതപ്പെട്ട വര്‍ഷം. ഹോ ... ഓര്‍ക്കുമ്പോള്‍തന്നെ കോരിത്തരിക്കുന്നു! അവളുടെരാവുകളെന്ന ഒറ്റസിനിമയിലൂടെ മലയാളികുമാരന്‍മാരുടെ ബെഡ്‌റൂമില്‍ സ്ഥാനം പിടിച്ച സീമേച്ചിയെ ഓര്‍ക്കുന്നില്ലേ? ഓര്‍ക്കണം ഓര്‍മ്മകാണില്ലെന്നു മാത്രം പറയരുത്‌ പ്ളീസ്‌...

എ ഗ്രേഡു ചിത്രമായ അവളുടെ രാവുകള്‍ കണ്ടു രാവുപകലാക്കിയ എത്രയോ മഹാന്‍മാര്‍  ഞങ്ങളുടെ കൂട്ടത്തിലുണ്ട് എന്നതു ഞങ്ങള്‍ മറച്ചുവെക്കുന്നില്ല.

 ഇത്രയോക്കെ മഹത്തായ അവളുടെ രാവുകളും കൂടെ സീമേച്ചിയും മലയാളമക്കള്‍ക്കുമുന്‍പിലവതരിച്ചത്‌ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതിലായിരുന്നല്ലൊ. അതുകൊണ്ടുതന്നെയാണു ഞങ്ങളെല്ലാവരുടെയും മനസ്സില്‍ 1980നുള്ളയത്ര സ്ഥാനം മറ്റൊരു വര്‍ഷത്തിനുമില്ലാതെ പോയതും.

പക്ഷെ വിധി അവിടെയും ഞങ്ങളെ തോല്‍പിക്കുകയായിരുന്നു ശ്വേതേച്ചീ.. സത്യം പറയട്ടെ ഈവരികളെഴുതുമ്പോള്‍ ഞങ്ങള്‍ ഒന്നിച്ചു വിതുമ്പുകയാണ്‌ എന്നാലും പറയാതിരിക്കാന്‍ വയ്യല്ലോ..

സീമേച്ചിയെ ഞങ്ങള്‍ക്കു സമര്‍പ്പിച്ച ശശിയണ്ണനു ഞങ്ങളുടെ മനസ്സില്‍ പുണ്യാളന്റെ രൂപമായിരുന്നെങ്കില്‍ ഞങ്ങളില്‍നിന്നും എന്നെന്നേക്കുമായി സീമേച്ചിയെ തട്ടിയെടുത്തപ്പോള്‍ അതൊരു സാത്താന്റെ രൂപമായി മാറി.

എങ്കിലും ഇടയ്ക്കിടയ്ക്ക് സീമേച്ചിക്കുപകരമായി പലരേയുംവെച്ച് ഞങ്ങളെ സന്തോഷിപ്പിക്കാന്‍ അങ്ങേരു പെടാപ്പാടു പെട്ടെങ്കിലും സീമേച്ചിക്കു പകരമായി മറ്റൊന്നും തന്നെയില്ലെന്നറിയാവുന്ന ഞങ്ങള്‍ അങ്ങേരോടു ക്ഷമിക്കാന്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ക്കു കളര്‍ച്ചിത്രങ്ങളിലുമുപരി അന്നത്തെ ബ്ലാക് ആന്റ് വൈറ്റു തന്നെയാണു വലിയതെന്നു ഞങ്ങളുറക്കെപ്പറഞ്ഞു.

വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ സീമേച്ചിയിലും മാറ്റങ്ങള്‍ വന്നുതുടങ്ങിയെങ്കിലും ഞങ്ങളുടെ മനസ്സില്‍ ഇന്നും സീമേച്ചി പച്ചയായി ജീവിക്കുന്നു എന്ന സത്യം ഓര്‍മ്മിപ്പിക്കട്ടെ.

ഇന്നു ഞങ്ങളുടെ പുതു തലമുറ സീമേച്ചിയെ അറിയാതെയായി .. സീമ എന്നുവെച്ചാല്‍ വല്ല കടല്‍ക്കാറ്റിന്റെയും പേരാണോന്നുവരേ ചോദിച്ച അവരെയോ, പാടത്തും വരമ്പത്തും ഓടിക്കളിച്ചു പോലീസും കള്ളനും കളിക്കേണ്ടതിനു പകരം കമ്പ്യൂട്ടറില്‍ ജെയിംസ് ബോണ്ടു ഗെയിം കളിക്കാന്‍ പഠിപ്പിച്ച അവരുടെ മാതാപിതാക്കളെയോ പറഞ്ഞിട്ടു കര്യമില്ല .
--------
 കാലം കാലനുവേണ്ടി വീണ്ടും കറങ്ങിയപ്പോഴാണു പുതിയൊരു മാലാഖക്കുട്ടന്‍ മലയാളത്തില്‍ രംഗത്തുവന്നത്... പി എച്ച് ഹമീദിക്കാ എന്ന മാലാഖക്കുട്ടന്‍ പണം മുടക്കി സംവിധാനം ചെയ്യാന്‍ തീരുമാനിച്ച അവളുടെരാവുകളുടെ രണ്ടാം ഭാഗത്തില്‍ സീമേച്ചിക്കു പകരം ശ്വേതേച്ചി അഭിനയിക്കുന്നു എന്നു കേട്ടതോടു കൂടി ഞങ്ങളിലെ വാടിക്കിടന്ന ചെടികള്‍ തളിരിടുകയും പൂക്കുകയും ചെയ്തു എന്നുമാത്രമല്ല കായ്ക്കാന് വരേ തയ്യാറെടുത്തതാണ്‍്....

കാരണം അവളുടെ രാവുകളില്‍ ഇന്നത്തെസീമേച്ചിയേക്കാളുപരി പെര്‍ഫോം ചെയ്യാന്‍ അര്‍ഹതയുടെകൂടെ ബാക്കിയെല്ലാം തികഞ്ഞത് ശ്വേതേച്ചിയാണെന്നത് മമ്മുക്കയുടെ കൂടെ പാലേരിമാണിക്യത്തിലുള്ള ചേച്ചിയുടെ ആ പെര്‍ഫോമന്‍സുകണ്ട ഞങ്ങള്‍ക്കെല്ലാമറിയാം. ഇനി ലാലേട്ടന്റെ കൂടെയാണെങ്കിലും ചേച്ചി യുടെ പെര്‍ഫോമന്‍സു ഞങ്ങള്‍ക്കൊക്കെ കാണിച്ചുതന്നതാണല്ലൊ.  അതുമാത്രമല്ല ചില ചാനലുകളിലൂടെ ചേച്ചി ഞങ്ങള്‍ക്കുമുന്‍പില്‍പ്രത്യക്ഷപ്പെട്ടതും ഞങ്ങള്‍ക്കു പ്രത്യാശനല്‍കും വിധമായിരുന്നു എന്നതും ഞങ്ങളിവിടെ സ്മരിക്കുകയാണ്‍്.

പണ്ടു മലയാളത്തിലഭിനയിച്ചപ്പോള്‍  വെറും ഗ്ലാമറല്ലാതെ മറ്റൊന്നുമില്ലെന്നുപറഞ്ഞു ഞങ്ങള്‍ മലയാളികള്‍ ചേച്ചിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത് ചുമ്മാപുറംപൂച്ചിനായിരുന്നൂവെന്നും ഉള്ളിന്റെയുള്ളില്‍ നൂറ്റൊന്നുവട്ടം ചേച്ചിയെ ഞങ്ങള്‍ക്കിഷ്ടമായിരുന്നെന്നതും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ. പിന്നെ കാമസൂത്രയുടെ ( പുറമെ ഞങ്ങള്‍ ഇതിനും അശ്ലീലമെന്നുപറയുമെങ്കിലും ഇതും ഞങ്ങള്‍ക്കു പ്രിയങ്കരം തന്നെ) പരസ്യത്തില്‍ ചേച്ചിയെക്കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഞെട്ടുകയും ചേച്ചിയിലുള്ള ആ ഭയങ്കരമായ നടിയെ ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ഹോ .. ഇവിടെ ആരൊക്കെയോ ഇപ്പോള്‍ നെടുവീര്‍പ്പിടുന്നുണ്ട്..

അതൊക്കെ പഴയ ദ്രവിച്ച കഥ! അതെല്ലാം അവിടെയൊരുമൂലയ്ക്കിരിക്കട്ടെ ഹല്ല പിന്നെ!! ഇപ്പോഴിതാ  ഹമീദിക്കാ എന്ന ഞങ്ങളുടെ മറ്റൊരു പുണ്യാളന്‍ ശ്വേതേച്ചിയെ വെച്ച് അവളുടെ രാവുകള്‍  പകലുകളാക്കി കളറിലെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അന്നത്തെ രാജിയെന്ന പെണ്‍കുട്ടിയുടെ രണ്ടാം കഥയ്ക്കുള്ള തിരക്കഥതയ്യാറാക്കാന്‍ ഞങ്ങളുടെ പഴയ പുണ്യാളനായ ആലപ്പി ഷരീഫിക്കതന്നെയാണു മുന്‍പോട്ടു വന്നിരിക്കുന്നത് എന്നതുമാത്രമല്ല നമ്മുടെ ഓള്‍ഡ് സീമേച്ചിക്ക് പഴയ അത്ര ലത് പോരാ എന്നതുകൊണ്ടായിരിക്കും ശ്വേതേച്ചിയെ മുപ്പത്തിയെട്ടുകാരിയായ നായികയാക്കാന്‍ ഹമീദിക്കാ തീരുമാനിച്ചത്.

അന്നുവരേ പത്രം അലര്‍ജിയായിരുന്ന ഞങ്ങള്‍  (പത്രം വായിക്കാതെ അറ്റ്ലീസ്റ്റ് ചാനലിലെ ന്യൂസുപോലും കാണാതെ ലോകത്തുള്ള സകലതിനെക്കുറിച്ചും ഞങ്ങള്‍ അഭിപ്രായിക്കും ങാ.. ഞങ്ങളോടാ കളി)  ശ്വേതേച്ചി അവളുടെ രാവുകളിലഭിനയിക്കുന്നുവെന്ന വാര്‍ത്ത വന്നതോടുകൂടി അപ്ഡേറ്റഡ് ന്യൂസിനായി പത്രമായ പത്രങ്ങളെല്ലാം അരിച്ചുപെറുക്കാന്‍ തുടങ്ങി ( ഇത് പത്രങ്ങളുടെ ‘വിറ്റൊഴിക്കലില്‍ ’ശകലം വര്‍ദ്ധനവു വരുത്തിയിട്ടുണ്ട് എന്നതു പരമരഹസ്യമാണ്‍്) ...

ഇതൊക്കെക്കഴിഞ്ഞു വളരെപ്പെട്ടന്നായിരുന്നു ഞങ്ങളുടെ തലയില്‍ ഇടിത്തീയും പാമ്പും ഒന്നിച്ചുവന്നു ഇടിച്ചേച്ചുപോയത്... ഹോ ഇതു പറയുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന ഞങ്ങളുടെ ഒരു സഹോദരന്‍ വാവിട്ടുകരയുകയാണ്‍് .... അവളുടെ രാവുകളില്‍ ശ്വേതേച്ചി അഭിനയിക്കുന്നില്ലാ എന്നുറക്കെ പ്രഖ്യാപിച്ചതായിരുന്നു ഞങ്ങളുടെ തലില്‍ ഇതെല്ലാം പണ്ടാരമടക്കിയതിനു കാരണം ... സിനിമാസംവിധായകന്‍ ചേച്ചിയുടെ അനുവാദമില്ലാതെയാണുപോലും സില്‍മയില്‍ നായിക ചേച്ചിയായിരിക്കുമെന്നു തീരുമാനിച്ചത് ...

വിവരമില്ലാത്ത സംവിധായകന്‍ (സംഗതി ഞങ്ങളുടെ പുണ്യാളനാണെങ്കിലും വിവരക്കേടല്ലേ അങ്ങേരു കാണിച്ചത് ) ആവേശത്തിന്റെ പുറത്ത് ചേച്ചിയോട് ചോദിക്കാന്‍ പോലും മറന്നുകൊണ്ട് ചേച്ചിയാണു പടത്തില്‍ സീമേച്ചിയുടെ ഭാഗം അഭിനയിക്കുന്നതെന്ന് ഞങ്ങളെയെല്ലം കൊട്ടിയറിയിച്ചത് ... അത് അങ്ങേരുടെ ആവേശം കൊണ്ടല്ലേ ചേച്ചീ ... ഞങ്ങള്‍ മലയാളികളുടെ നെഞ്ചിലേക്കാണു ചേച്ചിയുടെ അവള്‍ക്കാ രാത്തില്‍ അഭിനയം നഹീഹൈ  എന്ന പ്രഖ്യാപനം വന്നു തറച്ചത് ...  ഇത്രയ്ക്കും വേണ്ടായിരുന്നു ശ്വേതേച്ചീ വേണ്ടായിരുന്നു...   ഈ ചതി ഞങ്ങളോടു വേണ്ടായിരുന്നു ....ഇതൊരു കൊടും ചതിയായിപ്പോയി ...

 എന്തൊക്കെ പ്രതീക്ഷകളായിരുന്നു ... ഹോ എല്ലാം തകിടം മറഞ്ഞില്ലേ ...

ഞങ്ങളുടെ ‘അവളുടെ രാവുകള്‍  സ്പെഷ്യല്‍ ഇന്‍-വെസ്റ്റിഗേഷന്‍ ’ സംഘത്തിന്റെ കഠിന പരിശ്രമഫലമായി ഇപ്പോള്‍ കണ്ടുപിടിച്ചതെന്താണെന്നറിയുമോ? അവളുടെ രാവുകളില്‍ പഴയ സീമേച്ചി തന്നെ അഭിനയിക്കുമത്രേ? ! ഈ വാര്‍ത്തയിലെ കതിരെത്ര പതിരെത്ര എന്നു ഞങ്ങള്‍ക്കറിയില്ല .. എങ്കിലും ശ്വേതേച്ചിയിലെ പെര്‍ഫോമന്‍സിന്റെയത്രയും പ്രതീക്ഷ ഞങ്ങള്‍ക്കു ‘ഇന്നത്തെ’ സീമേച്ചിയിലില്ലാ എന്നുതന്നെ ഞങ്ങള്‍ ഊന്നിയൂന്നിപ്പറയട്ടെ ... 

ആഴ്ചകളോളം പട്ടിണി കിടന്നാലും ഞങ്ങള്‍ മലയാളികള്‍ക്ക് ഇത്രയും സങ്കടമുണ്ടാവില്ല ശ്വേതേച്ചീ .... (മറ്റുള്ളവര്‍ രണ്ടുകാലിലാണൊ നടക്കുന്നത് അതോ മൂന്നാമ്മത് മറ്റൊരു കാലുകൂടിയുണ്ടോ എന്നൊക്കെയാണ്‍് ഒറ്റക്കാലന്മാരായ ഞങ്ങളുടെ വേവലാതികള്‍)

അതൊക്കെ പോട്ടെ ആ സംവിധായകന്‍ ‘പയ്യന്‍’ എടുത്തുചാടിയതൊന്നും കാര്യമാക്കാതെ ശ്വേതേച്ചിതന്നെ തിരിച്ചുവന്നു  അവളുടെ രാവുകള്‍ ഞങ്ങളുടെയെല്ലാം രാപ്പകലുകളാക്കിത്തരണമെന്നു വിനീതമായി അപേക്ഷിക്കുകയാണ്‍് ... അഭ്യര്‍ത്ഥിക്കുകയാണ്‍്.

ഈ അപേക്ഷ നീണ്ടുപോയെന്നു ഞങ്ങള്‍ക്കറിയാമെങ്കിലും ..... ഞങ്ങളെ കൈവിടരുതെന്നു ഒരിക്കല്‍ക്കൂടി അപേക്ഷിച്ചുകൊണ്ട് ഓള്‍ മല്ലൂസ് അവളുടെ രാവുകള്‍ ഫാന്‍സ് അസോസിയേഷനു വേണ്ടി ഒരു കൂട്ടം മലയാളിക്കുട്ടന്മാര്‍  (ഒപ്പ്).

8.6.10

ലോകകപ്പിലെ രക്തസാക്ഷി

 ലോകകപ്പെന്ന മഹാ സംഭവത്തെ വരവേല്‍ക്കാന്‍ സൌത്താഫ്രിക്കയിലുമുപരിയായി നമ്മുടെ കൊച്ചുകേരളത്തിലെങ്ങും  ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു ... അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ് എക്സ്ട്രാ എക്സ്ട്രാ....യുടെ നാടന്‍ അമ്പാസിഡര്‍മ്മാരായ അമ്പാസിഡര്‍മ്മാരെല്ലാം ബാനര്‍ , ഫ്ലക്സ് , സ്റ്റിക്കര്‍ തുടങ്ങിയ അത്യാധുനിക പരസ്യക്കോലങ്ങള്‍ നാട്ടിലെങ്ങും പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്നു...

“അര്‍ജന്റീനയോടുകളിക്കാന്‍ ഏതു നാറിയൂണ്ടെടാ”  എന്ന പോസ്റ്റര്‍ മുതല്‍ അവനവന്റെ ആരോഗ്യത്തിനനുസരിച്ചുള്ള സകല ഔട്ട് ഓഫ് നിഗണ്ടു വാക്കുകള്‍ക്കൊണ്ടുമലങ്കരിച്ച പോസ്റ്ററുകളും വഴിനീളെ അണിനിരന്നു കഴിഞ്ഞു .... (നാടന്‍ അമ്പാസിഡര്‍മ്മാരുടെ ഫോട്ടോ വിത്ത് കൂളിംഗ് ഗ്ലാസും ചില പോസ്റ്ററില്‍ കാണാമെന്നതു മറച്ചുവെയ്ക്കുന്നില്ല )

ഇനി വേള്‍ഡുകപ്പൊന്നു വന്നുകിട്ടിയാല്‍ മതി  ബാക്കി നമ്മള്‍ മലയാളമക്കള്‍ നോക്കിക്കൊള്ളും.. ( തിന്നാന്‍ വ കുടിക്കാന്‍ അല്‍ ഉടുക്കാന്‍ ഇല്ലാ എങ്കില്‍ പോലും മുഷ്കില്‍ നഹീഹൈ ) ഏതായാലും ലോക പന്തുകളിയുടെ അപ്ഡേറ്റഡ് ന്യൂസറിയാനായി നമുക്കു കുട്ടപ്പായിയുടെ ടീഷോപ്പ് വിത്ത് സര്‍ബത്തുകടയിലേക്കു ചെല്ലാം.. കാരണം അവിടെവെച്ചായിരുന്നല്ലോ അര്‍ജന്റീനയ്ക്കുവേണ്ടി നാട്ടിലെ പോക്കിരിയായിരുന്ന പീക്കിരിവാസു രക്തസാക്ഷിയായത്

***********

“ അല്ലാ ന്റെ കുട്ടപ്പായ്യേ... ഈ പന്ത്കളി ബന്നാ അന്റെ കച്ചോടം ജോറാക്വല്ലോ ... ഇജ്ജ് എന്നാ ആ എലിബെഷന്‍ കൊണ്ട്വരണത്?”

മോങ്ങന്‍ മമ്മദിന്റ്റെ ചോദ്യത്തിനു കുട്ടപ്പായി മറുപടിപറഞ്ഞില്ല എന്നുമാത്രമല്ല ആരോടൊക്കെയോ ഉള്ള അരിശം തീര്‍ക്കാനെന്നവണ്ണം ഒരു കുടം വെള്ളം ശക്തിയായി സമാമ്പറിലൊഴിക്കുകയും ചെയ്തു.

സാധാരണ വേള്‍ഡുകപ്പുസമയത്ത് കുട്ടപ്പായി ടെലിവിഷന്‍  വാടകയ്ക്കെടുത്ത് കൊണ്ടുവെക്കാറുള്ളതാണ്‍് .. കടയുടെ ഒരു കോണില്‍  അതുറപ്പിച്ചുകഴിഞ്ഞാല്‍ നാട്ടുകാരും അയല്‍ നാട്ടുകാരും കുട്ടപ്പായിയുടെ കടയ്ക്കുമുന്‍പില്‍ തടിച്ചുകൂടുമായിരുന്നു. തടിച്ചുകൂടിയവര്‍ അടിപിടിയുണ്ടാക്കുന്നതും ഒരു രസമായിരുന്നു(കണ്ടു നില്‍ക്കുന്നവര്‍ക്ക്) പൊതുസേവന തല്പരനായ കുട്ടപ്പായി ഇത്രയും ചെയ്തുകഴിഞ്ഞാല്‍ നാട്ടുകാരില്‍നിന്നും വേണ്ടുവോളം ‘സേവിക്കാനായി’   പലതരം പലഹാരങ്ങളും കടയിലിറക്കും ... (വേള്‍ഡുകപ്പിനു സ്പെഷല്‍ സേവന ഡിസ്കൌണ്ട് പ്രമാണിച്ച്  നാലുരൂപയുടെ ചായയ്ക്ക് വെറും ആറുരൂപയായിരിക്കും വില.  ഇങ്ങനെ പോകുന്നു പൊതുവെയുള്ള സേവിക്കല്‍)

 എന്നുമാത്രമല്ല ഇത്തവണ വേള്‍ഡുകപ്പ് മുന്നില്‍ക്കണ്ടുകൊണ്ട്  റോഡുസൈഡില്‍ത്തന്നെ കുട്ടപ്പായി പത്തുസെന്റു വിലപറഞ്ഞുറപ്പിച്ചിട്ടുമുണ്ട്... പക്ഷേ അതൊന്നുമല്ല കുട്ടപ്പായിയെ മൌനിയാക്കിയത് ..

“എന്താ ഹംക്കേ അന്റെ അണ്ണാക്കില്‍ പന്തുതള്ളിയോ ? ഇജ്ജെന്താ ഒന്നും മിണ്ടാത്തത് ന്റെ കുട്ടപ്പായ്യേ..”

മമ്മദ് കുട്ടപ്പായിയെ വിടുന്നകോലമില്ല

“ കാക്കാ അതികം ചെലച്ചാല്‍ പല്ലടിച്ചു അണ്ണാക്കിലിടും .....”

ആരോടൊക്കെയോ ഉള്ള അമര്‍ഷം കുട്ടപ്പായി പാവം മമ്മതിന്റെ അണ്ണാക്കിലേക്കിട്ടുകൊടുത്തു

ഇനിയുമവിടെയിരുന്നു കാരണം തിരക്കിയാല്‍ അതുതന്റെ എല്ലുപൊടിക്കാനൊരു കാരണമായിമാറുമെന്നു മനസ്സിലാക്കിയ മമ്മദ്     “ഓനു പിരാന്താ....” എന്നുമ്പറഞ്ഞ് ഇറങ്ങിയൊരു നടത്തം വെച്ചുകൊടുത്തു.

എന്താ കുട്ടപ്പായിക്കു പറ്റിയതെന്നറിയാന്‍ അല്പം ഫ്ലാഷടിച്ചു  ബാക്കിലേയ്ക്കു പോണം ...

കേരമരങ്ങള്‍ തിങ്ങിനിറഞ്ഞതിനിടയിലൂടെ  കളകളം  പാടുന്ന കിളികളുടെ (ബലിക്കാക്ക) ഒരു ലതും .... ചെമന്ന ജേസി വിരിച്ചതുപോലെയുള്ള ചെമ്മണ്‍ പാതകളും, പുരനിറഞ്ഞു നില്‍ക്കുന്ന യുവകോമളിമാരും ,  വയറുനിറയ്ക്കാന്‍ വേണ്ടിമാത്രം ജ്ന്മംകോണ്ട  യുവകോമളന്മാരുടെ നയനം കൂളിര്‍പ്പിക്കുന്ന കുളിത്തോടുകളുമെല്ലാം നിറഞ്ഞ അതി സുന്ദരമായ ചെമ്പട്ടുകുന്നു ഗ്രാമത്തിലെ ഒരു സായാഹ്നം..

മാളികവീട്ടില്‍ ജാനകിയമ്മയുടെ ചെറ്റക്കുടിലില്‍നിന്നും നാലുമണിച്ചായയിലൊഴിക്കാനുള്ള പാലുമായി വരികയായിരുന്നു നമ്മുടെ നായകന്‍ ശ്രീ കുട്ടപ്പായി ... ആ മനസ്സില്‍ വളരെ ഗൌരവംനിറഞ്ഞ കണക്കുകൂട്ടലുകള്‍ , കിഴിക്കലുകള്‍ ആന്റ് ഹരിക്കലുകള്‍ നടക്കുകയാണ്‍് ... കാരണം വേള്‍ഡുകപ്പുവരുന്നുണ്ട് ... ടി.വി ഒരെണ്ണം വാടകയ്ക്കെടുക്കണം .. വീട്ടിലെ ടീ.വിയെടുത്തു കടയില്‍ വെയ്ക്കാമെന്നുവെച്ചാല്‍  പിന്നെ വീട്ടില്‍ കയറേണ്ടിവരില്ല.  കാരണം വീട്ടുകാരിയുടെ  അപ്പന്‍ അവള്‍ക്കു സീരിയലുകണ്ടു മതിവരുവോളം കണ്ണുനീരുകുടിച്ചു ജീവിക്കാന്‍ സമ്മാനിച്ചതാണത് ...

അതുകൊണ്ടുതന്നെ ടി.വി വാടകയ്ക്കെടുക്കണം ചായയുടെ വിലകൂട്ടണം പഞ്ചസാരയുടെയും പാലിന്റെയും അളവുകുറയ്ക്കണം എന്നുതുടങ്ങി ഒരുകൂട്ടം ചിന്തകളുടെ അഗ്നിപര്‍വ്വതവുമായി നടന്നകുട്ടപ്പായി എന്തിലോ തട്ടിനിന്നു...

കണ്ണുതുറന്നുനോക്കി .... ഒന്നുംകൂടി തുറന്നുനോക്കി ... അതെ മുന്‍പില്‍ സുന്ദരമായ ഒരു രൂപം ... ആണ്‍കുട്ടികളിടുന്ന കുപ്പായവും ഫുള്‍ ട്രൌസറുമാണു  വേഷമെങ്കിലും കുപ്പായത്തിനുള്ളില്‍  നൂറു ശതമാനം ശുദ്ധമായ പെണ്‍കുട്ടിയാണ്‍് ...

ഇതെവിടുന്നുവന്നു? കുട്ടപ്പായി മാനത്തേക്കു നോക്കി...  അതും ഈ ടീവിയിലൊക്കെ കാണുന്നപോലത്തെയൊരു ചന്തം! ... കുട്ടപ്പായി മാനത്തേയ്ക്കു നോക്കുന്നതിനിടയില്‍ ഒരു പുഞ്ചിരി കുട്ടപ്പയിക്കുകൊടുത്തുകൊണ്ട് സുന്ദരി നടന്നകന്നു.....

അന്നു കടയില്‍ വന്നവര്‍ക്കെല്ലാം അത്ഭുതമായിരുന്നു ... കുട്ടപ്പായിയുടെ കടയില്‍ നിന്നും ഒറിജിനല്‍ മില്‍ക്ക് ചേര്‍ത്ത ചായകുടിക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നു. ജീന്‍സിന്റെയും ടീഷര്‍ട്ടിന്റെയും ലോകത്തിലൂടെ ചിരിച്ചുകളിച്ചുകൊണ്ടിരുന്ന കുട്ടപ്പായി വെള്ളമേതാ.. പാലേതാ എന്നകണ്‍ഫ്യൂഷനില്‍ നാട്ടുകാര്‍ക്കു നല്ല മുറ്റുള്ള ചായതന്നെ നല്‍കി...

ദിനങ്ങള്‍ കടന്നുപോയപ്പോള്‍  കുട്ടപ്പായി ജീന്‍സുകാരിയെ കാണുകയും പകരമായി അവള്‍  അയാള്‍ക്ക് ഓരോ ചിരികള്‍  കൊടുത്തുകൊണ്ടിരിക്കുകയും പതിവായി ....

അങ്ങിനെയിരിക്കേ ഒരു ദിവസം പാലുമായി വരികയായിരുന്ന കുട്ടപ്പായി എതിരെനിന്നും വന്ന അവളുടെ ചന്തം നോക്കി നോക്കിവന്നപ്പോള്‍  പാടവരമ്പത്തെ കല്ലില്‍ കാലുടക്കി വിത്ത് പാല്‍പ്പാത്രവുമായി പാടത്തേയ്ക്കു മറിഞ്ഞുവീണു...
അതുകണ്ട അവള്‍ നിലവിളിച്ചുകോണ്ടോടിവന്നു കുട്ടപ്പായിയെ പിടിച്ചെഴുന്നേല്പിച്ചു .... അവളുടെ വസ്ത്രത്തില്‍ ചെളിപുരണ്ടതു സാരമാക്കാതെ കുട്ടപ്പായിക്കു ഒന്നും പറ്റിയില്ലാ എന്നവള്‍ ഉറപ്പുവരുത്തി.. അങ്ങിനെ അവര്‍തമ്മില്‍ മാനസികമായി അടുക്കുകയായിരുന്നു .....  കുട്ടപ്പായിയുടെ മനസ്സ് സ്നേഹത്തിന്റെ ഒരു ലത് എന്താണെന്നു മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്തു.  ദിനങ്ങള്‍  പിന്നേയും കടന്നുപോയ്ക്കൊണ്ടിരുന്നു...

ലോകകപ്പിന്റെ കോലാഹലങ്ങള്‍ നാട്ടില്‍ അലയടിച്ചുയര്‍ന്നപ്പോള്‍ കുട്ടപ്പായിയുടെ മനസ്സിലും വല്ലതുമൊക്കെയ് അലയടിച്ചുയരാന്‍ തുടങ്ങി ... സ്വന്തമായിട്ടുള്ള ഭാര്യ അന്നാമ്മ കൊടുത്തുകൊണ്ടിരുന്ന ചിരി അന്നാമ്മ കാണാതെ അടുത്തുള്ള പൊട്ടക്കിണറ്റിലെറിഞ്ഞു തുടങ്ങിയെന്നുമാത്രമല്ല അന്നാമ്മയുടെ ചട്ടയും മുണ്ടും കാണുമ്പോള്‍  വാളുവെക്കാനും തുടങ്ങി .

തോര്‍ത്തും കൈലിയും വര്‍ഷങ്ങളായി യൂണിഫോമാക്കിമാറ്റിയിരുന്ന കുട്ടപ്പായി ഇന്നു പാന്റ്സും ഷരീരത്തിലൊട്ടിപ്പിടിക്കുന്ന ഷര്‍ട്ടുമിട്ടുകൊണ്ട് ഷൂവിനുള്ളില്‍ കാലുതിരുകി ബാലന്‍സുചെയ്തു നടക്കാന്‍ തുടങ്ങിയെന്നതും കാലത്തിന്റെ ഒരു പുരോഗതിയായി നമുക്കു ചുമ്മാ പറയാം ..

ഈ വേല്‍ഡുകപ്പ് ചാകര കഴിഞ്ഞാല്‍ കയ്യില്‍ വരാന്‍ പോകുന്ന സൌഭാഗ്യങ്ങളിലൊന്നായ പത്തുസെന്റില്‍ ഒരു കൊച്ചുവീടുവെച്ച്  (കൊച്ചു വീടുമതി) ജീന്‍സുകാരിയും താനും അതിലിരുന്നു പരസ്പരം ചിരിച്ചുകളിക്കുന്ന രംഗമോര്‍ത്തപ്പോള്‍ ... ഈ ലോകപ്പൊന്നു പെട്ടന്നുവന്നാലെന്നു തോന്നിപ്പോയി നമ്മുടെ കുട്ടപ്പായിക്ക്.

അങ്ങിനെ ഇന്നും കുട്ടപ്പായി പതിവുപോലെ പാടവരമ്പത്ത് ജീന്‍സിനെയും കാത്തിരിക്കുകയായിരുന്നു സമയം കഴിഞ്ഞിട്ടും വരാതായപ്പോള്‍ മനസ്സില്‍ ഒരു തീപ്പെട്ടിക്കൊള്ളി കത്തി സമയം കഴിയുംതോറും തീ ആളിക്കത്താന്‍ തുടങ്ങി .....

പക്ഷേ കുട്ടപ്പായിയുടെ തീയണയ്ക്കാനുള്ള ഫയര്‍ സേഫ്റ്റി കിറ്റുമായി അകലെ നിന്നും അവള്‍ വരുന്നതുകണ്ടു .. കൂടെ ഒരു കാര്‍ണ്ണോരുമുണ്ടായിരുന്നു ...

ഓ അത് മേനോന്‍ സാറായിരുന്നു .... ഈ മേനോന്‍സാറിന്റെ വല്ലവരുമാണൊ ഈ കുട്ടി

“എന്താ കുട്ടപ്പായീ ... ഇന്നു കടയില്‍ പോയില്ലേ?”   കുട്ടപ്പായിക്കടുത്തെത്തിയ മേനോന്‍സാറു ചോദിച്ചു

“ ഇല്ല ഇന്നു വൈകി ....”  മേനോന്‍ സാറിനാണു മറുപടികൊടുത്തതെങ്കിലും അത് അവളെനോക്കി അവളോടുള്ള പരിഭവം പറച്ചിലായിരുന്നു.

അവള്‍ വീണ്ടും ചിരിച്ചു .... കുട്ടപ്പായിലെ തീ കെട്ടു പണ്ടാരമടങ്ങി

അവള്‍ മേനോന്‍സാറിനോടു പറഞ്ഞു..

“അപ്പൂപ്പാ ഇതാ ഞാന്‍ പറയാറുള്ള ആള്‍് ...”

അപ്പോള്‍ എന്നെപ്പറ്റി വീട്ടിലൊക്കെ പറഞ്ഞു അല്ലേ കള്ളി.. ഭയങ്കര കള്ളീ...

കള്ളിയെ നോക്കി മേനോന്‍സാര്‍ കുട്ടപ്പായിയോടു പറഞ്ഞു

“കുട്ടപ്പായി ഇത് എന്റെ എറണാകുളത്തുള്ള ശാരദേടെ മൂത്ത മോളാ... അവളു സ്കൂള്‍ വെക്കേഷനു വന്നതാ ... ഇന്നു മടങ്ങും.. ഞാന്‍ അവളെ ബസ്സില്‍ വിടാന്‍ വന്നതാ...”

“ങാ.... എപ്പോ തിരിച്ചു വരും ? ” കുട്ടപ്പായി പെണ്‍കുട്ടിയിലെ നോട്ടം വിടാതെ ചോദിച്ചു

“ ഇടയ്ക്കൊക്കെ വരും അങ്കില്‍  ... എങ്കില്‍ ഞാന്‍ പോട്ടെ അങ്കില്‍  .. റ്റാറ്റാ...”

കുട്ടപ്പായി കോരിത്തരിച്ചുപോയി ... സ്വന്തം ഭാര്യ സൂസന്നയോടുള്ള അരിശം ഒന്നുംകൂടി കൂടി അവളിന്നുവരേ എന്നെ അങ്കിലേന്നു വിളിച്ചിട്ടില്ല  ... അച്ചായാ... ദേ... ഹോ... കൂ .. എന്നൊക്കെയാ അവളുടെ വിളി ....  കുട്ടപ്പായിയുടെ മനസ്സു നിറഞ്ഞു ...

കുട്ടപ്പായി കടയിലേക്കു നടക്കുമ്പോള്‍ ചിന്തിക്കുകയായിരുന്നു കുട്ടിയുടെ സ്കൂളിലേക്കു വെക്കേഷനെന്നു  പറഞ്ഞ സാധനം കൊണ്ടുപോകാന്‍ വന്നതായിരുന്നു കുട്ടി ... ഇനിയും വരും ... ആ സാധനം തീര്‍ന്നാല്‍ വീണ്ടും  അതു കൊണ്ടുപോണമല്ലോ ... ഏതായാലും കുറച്ചു പഠിക്കട്ടെ അവള്‍ , എന്നിട്ടു മതി .......(ഹിഹി)  കണക്കുകള്‍ കുട്ടപ്പായി പലതരത്തില്‍ കൂട്ടിക്കൊണ്ടിരുന്നു.

അയാള്‍ കടയിലെത്തി ഒരു മൂളിപ്പാട്ടുമായി ചായയ്ക്കുള്ള തീ കത്തിച്ചു ...

അപ്പോഴാണു വാസുപ്പിള്ളയുടെ മകന്‍ പരിഷ്കാരി സതീഷന്‍ അതുവഴി വന്നതും കുട്ടപ്പായിയോടു ചായയ്ക്കുപറഞ്ഞതും.

സതീഷനെക്കണ്ടതും കുട്ടപ്പായി മെല്ലെ അടുത്തുകൂടി

“ഡാ സതീഷാ ... ഒരു കാര്യം ചോദിക്കട്ടെ ”  കുട്ടപ്പായി നാണം തുളുമ്പി നിന്നു
“എന്താ കുട്ടപ്പായിച്ചേട്ടാ ”

“അല്ലാ ഈ അങ്കില്‍ എനുപറഞ്ഞാ എന്താ അര്‍ത്ഥം ?”

“ അങ്കിളെന്നു വെച്ചാലോ .... അമ്മാവന്‍ ... അമ്മാവന്നാ അര്‍ത്ഥം  ... എന്തേ കുട്ടപ്പായിച്ചേട്ടാ...”


കുട്ടപ്പായിയുടെ തലയില്‍ സുനാമിഅടിച്ചുകയറുകയായിരുന്നു .. അമ്മാവനാണുപോലും അമ്മാവന്‍ .... അവളുടെ അമ്മേടെ നായരാ അമ്മാവന്‍ .. ‘ദുഷ്ടി’ ....
കുട്ടപ്പായി ആകെ തളര്‍ന്നു...

ഈ സമയത്തായിരുന്നു മോങ്ങന്‍ മമ്മദുവന്നു എലിവെഷന്റെ കാര്യം ചോദിച്ചത് ....  മമ്മതിനെ ഓടിച്ചുവിട്ട കുട്ടപ്പായി കിതപ്പുമാറ്റുമ്പോഴായിരുന്നു   കുട്ടന്‍ പിള്ള കയറിവന്നു ചായയ്ക്കുചോദിച്ചതും.

“കുട്ടപ്പായ്യേ  .... കടുപ്പത്തിലൊരു ചായ...”

“ഇവിടെ ചായയില്ല......... ഒരു കുന്തവുമില്ല.....”

 ഇത്രയും പറഞ്ഞ കുട്ടപ്പായി ഗ്ലാസു കഴുകാന്‍ കൊണ്ടുവെച്ച വെള്ളമെടുത്ത് അടുപ്പിലേക്കൊഴിച്ചുകൊണ്ട് ആഞ്ഞു നടന്നു ..  എങ്ങോട്ടെന്നില്ലാത്ത നടത്തത്തിലും കുട്ടപ്പായി കൂട്ടല്‍ , ഹരണ ഗുണന പ്രക്രിയകള്‍ നടത്തിക്കൊണ്ടിരുന്നിരുന്നു.

അന്നു കവലയിലും പാടത്തുമെല്ലാം കറങ്ങിനടന്നു കണക്കു കൂട്ടിയ കുട്ടപ്പായി സന്ധ്യയായപ്പോള്‍  എന്തോ തീരുമാനിച്ചിട്ടെന്നവണ്ണം സ്വന്തം വീട്ടിലെത്തി... 

കുട്ടപ്പായിയെക്കണ്ടു പതിവുപോലെ  അന്നാമ്മപുഞ്ചിരിച്ചപ്പോള്‍  ആ ചിരിയെടുത്ത് കിണറ്റിലിടുന്നതിനു പകരം  ചേര്‍ത്തുപിടിച്ച കുട്ടപ്പായിക്ക് ചട്ടയും മുണ്ടും കണ്ടപ്പോള്‍ ഛര്‍ദ്ദില്‍ വന്നില്ല പകരം ചട്ടയിലേയും മുണ്ടിലേയും സൌന്ദര്യം അയാള്‍ തിരിച്ചറിയുകയായിരുന്നു.....

അങ്ങിനെ ചെമ്പട്ടുകുന്നുകാര്‍ വേള്‍ഡുകപ്പിനായൊരുക്കിയ കുട്ടപ്പായിയുടെ കടയിലെ വാടക ‘എലിവിഷനു’ മുന്‍പില്‍ വീണ്ടും ഒത്തുകൂടി ....  ഇത്തവണ അടിയുണ്ടാക്കി രക്തസാക്ഷിയാകുന്ന മഹാന്‍ ആരായിരിക്കുമെന്നതായിരുന്നു നാട്ടുകാരുടെ ചിന്ത... വല്ലോരും കപ്പുമായിപ്പോകുമ്പോള്‍ നമുക്കും കിട്ടും ഒരു രക്തസാക്ഷിയെ ..... കാരണം നമ്മള്‍ മലയാളികളാണു ....
 

4.6.10

പ്രവാസോമാനിയ

ജനിച്ചുവീണ്‍് തലയുംകുത്തി നില്‍ക്കാന്‍ പഠിച്ച അന്നുമുതല്‍ തുടങ്ങിയതാണ്‍് സുലൈമാനു ഗള്‍ഫില്‍ പോകാനുള്ള ഒരു ഇത്... ഇതെന്നുവെച്ചാല്‍  ഒരിതുതന്നെ സ്കൂളില്പോകുന്ന കാലഘട്ടത്തിലും അതു കഴിഞ്ഞു കോളേജിലെത്തിയപ്പോള്‍ പോലും മറ്റുപിള്ളേരെപ്പോലെ പത്തു പെമ്പിള്ളേരെ എങ്ങിനെ ഒന്നിച്ചു പ്രേമിക്കുമെന്നചിന്തയായിരുന്നില്ല സുലൈമാനു.

ഗള്‍ഫില്‍ പോണം .... ഗള്‍ഫില്‍ പോണം ....

പ്രീഡിഗ്രി പാസ്സാവാന്‍  ഇച്ചിരിയെങ്കിലും പാഠപുസ്തകം തുറന്നുനോക്കണമെന്ന അലിഖിതനിയമമുള്ളതുകൊണ്ടാകാം സുലൈമാന്‍ പരീക്ഷയില്‍ തോല്‍ക്കുകയും തല്‍ഫലമായി  സ്വന്തം നാട്ടിലെ  കടത്തിണ്ണയിലേക്കുള്ള എന്റ് റി പാസ്സിന്നു അര്‍ഹനാവുകയും ചെയ്തത് ..

കടത്തിണ്ണയിലിരുന്നുകൊണ്ടായിരുന്നു ആനാട്ടിലെ ചെറുപ്പക്കാര്‍ സകല പെണ്‍പിള്ളാരുടെയും ജാതകക്കുറിപ്പു തയ്യാറാക്കിക്കൊണ്ടിരുന്നത് . പക്ഷെ ഇതിലൊന്നും താല്പര്യമില്ലാത്ത ഏതാനും തലതെടിച്ചവന്മാരും നാട്ടിലുണ്ടെന്നതാണ്‍് ഏറെ ഖേദകരം. അവര്‍ പഠിച്ചു പഠിച്ചു ഈ നാടു മുടിക്കും ങാ.. പറഞ്ഞിട്ടു കാര്യമില്ല... കലികാലം ....

സംഗതി ഇങ്ങിനെയൊക്കെയാണെങ്കിലും സുലൈമാനു ഗള്‍ഫില്‍ പോണം .എന്നിട്ടുവേണം ഒരു നാലോ അഞ്ചോ കാറെടുത്ത് ചുമ്മാ വീടിനുമുന്‍പില്‍  നിര്‍ത്തിയിടാന്‍.  പിന്നെയൊരു തറവാട്ടില്‍ പിറന്ന പെണ്ണിനെ കെട്ടണം കഴിയുമെങ്കില്‍ ഡോക്ടറെത്തന്നെയാകണം കെട്ടിയിടുന്നത് സോറി കെട്ടുന്നത്. ഗള്‍ഫുകാരനായാലേ ഇതെല്ലാം നടക്കൂ ... സുലൈമാന്റെ ചിന്തകള്‍ മറ്റു ഗള്‍ഫുകാരോടുള്ള അസൂയ കലര്‍ത്തിയ ആരാധനയായി മാറി.

ആയിട്യ്ക്കാണ്‍് സുലൈമാന്റെ ഏകപെങ്ങളുടെ ഭര്‍ത്താവും സുലൈമാന്റെ ഒരേയൊരു അളിയനുമായ   മമ്മാലിക്ക് ഗള്‍ഫിലേയ്ക്കു വിസ ശരിയായത്...

അളിയന്‍ ഗള്‍ഫില്‍ പോകുന്ന ദിവസം സുലൈമാനും നല്ല ആവേശത്തിലായിരുന്നു . അവിടെയെത്തിയ ഉടന്‍് തന്നെ ഒരു വിസ തനിക്കയക്കണമെന്നത് അളിയനെ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കാനും സുലൈമാന്‍ മറന്നില്ല .. പണം വാങ്ങിവെക്കുന്ന തിരക്കിലെങ്ങാനും അളിയന്‍ വിസയുടെ കര്യമങ്ങു മറന്നുപോയാലോ! ഹോ സംഗതി കുഴഞ്ഞില്ലെ ...

പക്ഷെ ചതിയനായ അളിയന്‍ ഗള്‍ഫിലെത്തി വര്‍ഷം മൂന്നുകഴിഞ്ഞിട്ടും ഒരു കഷണം വിസപോലും സുലൈമാനുവേണ്ടി അയച്ചില്ല എന്നത് സുലൈമാനെ മാനസികമായി വളരെ തളര്‍ത്തിയതിനെ കൂട്ടുകാര്‍ ഒന്നുംകൂടി വളമിട്ടു വെള്ളമൊഴിച്ചുകൊടുത്തു ...

“നിന്റെ അളിയന്‍ എന്തൊരളിയനാ അളിയാ....ഗള്‍ഫിലെത്തിയപ്പോള്‍  ആകെയുള്ള ഒരേയൊരളിയനെ മറന്നില്ലെ ! ശ്ശോ എന്നാലും എന്റെ അളിയാ‍ാ....”
കൂട്ടുകാരുടെ വളവും നനയും ശരിക്കും സുലൈമാനിലെ പുലിവര്യനെ പുറത്തുചാടിച്ചു.
അവസാനം സുലൈമാന്‍ വീട്ടില്‍ നിരാഹാര സത്യാഗ്രഹം മുതല്‍ ചട്ടിയുടയ്ക്കല്‍ സമരംവെരേ ചെയ്തു പോന്നു.

അനിയനെക്കൊണ്ടു പൊറുതിമുട്ടിയ പെങ്ങള്‍ ഒരിക്കല്‍ ഭര്‍ത്താവിനു കത്തെഴുതി (ഓടുക്കത്തെ ഒരു കത്ത്) ... ഒടുക്കത്തെ കത്തുകിട്ടി പരിഭ്രാന്തനായ മമ്മാലി തന്റെ അടുത്ത കത്തില്‍ത്തന്നെ ഒരു വിസ്സായെ കബറടക്കി നാട്ടിലേക്കെത്തിച്ചു.

സുലൈമാന്‍ സത്യാഗ്രഹം നിര്‍ത്തി തന്റെ അത്യാഗ്രഹയാത്രയ്ക്കായി തയ്യാറെടുത്തു ...
നാട്ടില്‍ വല്ല കൃഷിയും ചെയ്തു ജീവിക്കാന്‍ വേണ്ടി  അഞ്ചു പൈസാപോലും ആര്‍ക്കും കൊടുത്തുപോകാത്തവര്‍  ഗള്‍ഫില്‍ പോകുന്നവനു ലക്ഷങ്ങള്‍ തന്നെ കടം കൊടുക്കുമെന്നതിനാല്‍ (കാരണം ഗള്‍ഫെന്നാല്‍ ഭയങ്കരമാണല്ലോ) പണത്തിനുവേണ്ടി സുലൈമാനു അധികമൊന്നും ഓടേണ്ടി വന്നില്ല.

മൂന്നുവര്‍ഷം മുന്‍പ് ഗല്‍ഫിലെത്തി പണക്കാരനായ അളിയന്‍ എയര്‍പ്പോര്‍ട്ടില്‍ സുലൈമാനെ സ്വീകരിക്കാനെത്തിയിരുന്നില്ല പകരം ആ തെണ്ടി ഒരു ഡ്രൈവറെ പറഞ്ഞയച്ചിരിക്കുന്നു .... സുലൈമാന്റെ പട്ടിപോകും ഡ്രൈവറുടെ കൂടെ... എന്നാലും ഭാഷയറിയാന്‍ പാടില്ലാത്ത നാടല്ലെ തല്‍ക്കാലും പട്ടിയെ അതിന്റെ പാട്ടിനുവിട്ട് പെട്ടിയുമായി സുലൈമാന്‍ കാറില്‍ കയറി ....


മണിക്കൂറുകള്‍ പിന്നിട്ട യാത്രയ്ക്കൊടുവില്‍  വിജനമായ സ്ഥലത്തുകൂടി വണ്ടി ഓടിക്കൊണ്ടിരുന്നു ഇടയ്ക്കെപ്പൊഴോ അല്‍പ്പം ശുദ്ധവായു കിട്ടാന്‍ കാറിന്റെ ഗ്ലാസു തുറന്നപ്പോള്‍ കാറിലേക്കിരച്ചുകയറിയ ചൂടുള്ള മണല്‍ക്കാറ്റേറ്റപ്പോഴും സുലൈമാനില്‍ ഒരു പുഞ്ചിരിമാത്രം ബാക്കിയായി ... കാരണം ഇന്നുമുതല്‍ സുലൈമാന്‍ വെറും സുലൈമാനല്ല ഗള്‍ഫുകാരന്‍ സുലൈമാനാണ്‍്.

ഡ്രൈവര്‍ എന്തൊക്കെയോ സുലൈമാനോടു ചോദിച്ചുകൊണ്ടിരുന്നു ... ചോദ്യത്തിനു മറുപടിപറയുന്നുണ്ടെങ്കിലും അയാള്‍ ഈ ലോകത്തൊന്നുമായിരുന്നില്ല. സാവധാനം അയാള്‍ മയക്കത്തിലേക്കു വഴുതിവീണു

******************
ആരൊക്കെയോ വഴക്കുണ്ടാക്കുന്ന ശബ്ദംകേട്ടുകൊണ്ടായിരുന്നു സുലൈമാന്‍ ഉറക്കമുണര്‍ന്നത് .. ആകപ്പാടെ കലപില ശബ്ദങ്ങള്‍ ... വിജനമായ ഒരു സ്ഥലത്തു കെട്ടിയുണ്ടാക്കിയ ഏതാനും പഴയകെട്ടിടങ്ങള്‍ക്കു മുന്‍പിലാണു താനുംഡ്രൈവറുമെത്തിയതെന്ന ബോധം സുലൈമാനില്‍ വന്നു..

അവര്‍ കാറില്‍ നിന്നുമിറങ്ങി ശബ്ദം കേട്ട ഭാഗത്തേയ്ക്കു നടന്നു നാലഞ്ചു കറുത്ത അറബികള്‍ ചേര്‍ന്ന് ഒരു മനുഷ്യനെ മൃഗീയമായി പ്രഹരിക്കുന്ന രംഗമാണവര്‍ക്കു കാണാന്‍ കഴിഞ്ഞത് ..

ആ മനുഷ്യന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ട് .. അറബികളും ഒച്ചവെക്കുന്നു ... സുലൈമാന്‍ ഡ്രൈവറോടു ചോദിച്ചു

“ഏന്തിനാ അവര്‍ അയാളെ ഇങ്ങനെയിട്ടു മര്‍ദ്ദിക്കുന്നത്?”

“അതോ .. അയാള്‍ അവരുടെ വീട്ടുവേലക്കാരനാണ്‍് ... ഈ കാട്ടറബികളുടെ കുട്ടികള്‍ , ആടുകള്‍ , ഒട്ടകങ്ങള്‍  എന്നുവേണ്ട എല്ലാം നോക്കിനടത്തുന്നത് അയാളാണ്‍് .. പക്ഷെ ഇന്നു അറബിയുടെ ഒരു ആട്ടിന്‍ കുട്ടിയെ കാണുന്നില്ലാ പോലും ... അതിനാണു അവര്‍..............” ഡ്രൈവറുടെ വാക്കുകള്‍ മുറിഞ്ഞു...

സുലൈമാന്‍ ആ മനുഷ്യന്റെ മുഖത്തേക്കു ശ്രദ്ധിച്ചു നോക്കി ... എവിടെയോ പരിചയമുള്ള മുഖം .... അതെ ... അളിയന്‍ .. സുലൈമാന്റെ മൂന്നു വര്‍ഷമായിട്ടും വിസാ അയക്കാതിരുന്ന ഗള്‍ഫുകാരന്‍ അളിയനായിരുന്നു അത് .... ജീവിതത്തില്‍ അന്നാദ്യമായി സുലൈമാന്റെ കണ്ണുനിറഞ്ഞു ...

“നമുക്കു തിരിച്ചുപോയാലോ?”   സുലൈമാന്‍ ഡ്രൈവറെ നോക്കി ചോദിച്ചു

പക്ഷെ അവിടെ ഡ്രൈവറുണ്ടായിരുന്നില്ല ...  അളിയന്‍ ഏര്‍പ്പാടു ചെയ്ത ഡ്രൈവര്‍ തന്റെ കടമ നിര്‍വ്വഹിച്ചു മടങ്ങിയിരുന്നു ...

അളിയന്‍ കരഞ്ഞുകൊണ്ട് അറബികളോടെന്തൊക്കെയോ പറഞ്ഞപ്പോള്‍ .. അതില്‍ ഒരു അറബി സുലൈമാന്റെ നേരെ വന്നു ... അപ്പോഴാണു ഭൂമി ഉരുണ്ടതാണെന്നും അതു കറങ്ങിക്കൊണ്ടിരിക്കുമെന്നും പണ്ട് ആരോ പറഞ്ഞതിന്റെ പൊരുള്‍ സുലൈമാനു മനസ്സിലായത്....

അങ്ങിനെ സുലൈമാനും ഗള്‍ഫുകാരനായി .... ഗള്‍ഫുകാരന്‍ സുലൈമാന്‍

 ഇന്നും ഗള്‍ഫുനാടുകളില്‍ പലയിടത്തുമായി നമുക്കു സുലൈമാനെയും അളിയനെയും കണ്ടുമുട്ടാന്‍ സാധിക്കും.

1.6.10

ടിന്റുമോന്‍ സ്കൂളിലേയ്ക്ക്....

പുതിയ അദ്ധ്യായനവര്‍ഷം കടന്നുവന്നതും ടിന്റുവിനു ബോറടിക്കാന്‍ തുടങ്ങി എന്നുമാത്രമല്ല സങ്കടംകൊണ്ടു ആ കണ്ണുകള്‍ നിറഞ്ഞൊലിക്കാനും തുടങ്ങി ..

നീണ്ട അവധിക്കാലം കളഞ്ഞു സ്കൂളില്‍  കയറേണ്ടി വന്നതിലൊന്നുമായിരുന്നില്ല ടിന്റുവിനു സങ്കടം വിത്ത് ബോറടി വന്നത്! കഴിഞ്ഞ ആറു വര്‍ഷമായി ടിന്റുമോന്‍ സ്ഥിരമാക്കിവച്ചിരുന്ന മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ച് ഇന്നത്തതോടുകൂടി തനിക്കു നഷ്ടമാകുമല്ലോ എന്നതിലായിരുന്നു ടിന്റുവിനു സങ്കടം.

അല്ലേലും ഈ ടീച്ചര്‍മ്മാരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ല. വിലാസിനിട്ടീച്ചര്‍ ഒറ്റയൊരുത്തിയാ ഇതിനൊക്കെ കാരണം . വിലാസിനിടീച്ചര്‍ വന്നു പറഞ്ഞതുകൊണ്ടല്ലെ ക്ലാസ്സ്ടീച്ചറായ ഓമനടീച്ചര്‍ തന്നെ നാലാം ക്ലാസ്സിലേക്കു ജയിപ്പിച്ചത്.

ഈ  അദ്ധ്യായനവര്‍ഷം വരുമ്പോള്‍  മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചിലിരുന്നു ചെയ്തുതീര്‍ക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ‘എന്തോരം‘’ സ്വപ്നം കണ്ടതാ .. എല്ലാം തകിടം മറിച്ചില്ലേ ആ പൂതന.. പൊറുക്കില്ല ടീച്ചറെ നിങ്ങളോട് ഈ ജന്മത്തു ഈ ടിന്റു പൊറുക്കില്ല ..

വിലാസിനിട്ടീച്ചര്‍ പറഞ്ഞെന്നുവെച്ച് ഓമനട്ടീച്ചര്‍ തന്നെ നാലാം ക്ലാസിലേക്കു തള്ളിവിടേണ്ട വല്ലകാര്യവുമുണ്ടായിരുന്നോ? വിലാസിനിട്ടീച്ചര്‍ ഓമനട്ടീച്ചറെ കാണുന്നതിനുമുന്‍പുതന്നെ ഈ ടിന്റു കാണാന്‍ തുടങ്ങിയിട്ടുണ്ട്.

ക്ലാസ്സിലിരുന്നു ഹലുവയും പാല്‍ച്ചായയും കുടിക്കുമ്പോള്‍ കുട്ടികളെല്ലാം ഒന്നിച്ചു വെള്ളമിറക്കുന്നത് കാണാന്‍ കൊതിയായിരുന്ന ഓമനട്ടീച്ചര്‍ക്കു  സ്ഥിരമായി പാല്‍ച്ചായയും ഹലുവായും കണാരേട്ടന്റെ കടയില്‍നിന്നും ഒന്നാം പിരീഡില്‍ത്തന്നെ  വാങ്ങിക്കൊടുത്തുകൊണ്ടിരുന്നതും ഈ ടിന്റുതന്നെയാ.. 

ഈ ടിന്റുകാരണമാ മക്കളില്ലാത്ത ഓമനടീച്ചര്‍ക്കു കുട്ടികള്‍ വെള്ളമിറക്കുന്നതുകണ്ട് മനസ്സുകുളിര്‍ക്കാനുള്ള അവസരമുണ്ടായത്.. അതെങ്കിലുമോര്‍ക്കണമായിരുന്നു ടീച്ചര്‍

 ടീച്ചര്‍ക്ക് കണാരേട്ടന്റെ കടയില്‍ പറ്റായിരുന്നു.. പറ്റ്...  അതില്‍ ഒരുതരം പറ്റിപ്പ് ഉണ്ടെന്നറിയാവുന്നതുകൊണ്ടായിരുന്നു ആരും കാണാതെ രണ്ട് ഹലുവ സ്ഥിരമായി മോഷ്ടിച്ച്  അതില്‍നിന്നും ഒരെണ്ണം ടീച്ചര്‍ക്കു കൊടുത്തുകൊണ്ടിരുന്നതും ....  ഈ കണാരേട്ടനാണെങ്കില്‍ ഭയങ്കര സാധനമാ .. ടീച്ചര്‍ക്കു ചായയ്ക്കു ചെന്നാല്‍ ഗ്ലാസില്‍ നിറയെ ചായതരും അതില്‍നിന്നും കാല്‍ഗ്ലാസ്സ് ചായ കുടിച്ച് ചായ തുളുമ്പിപ്പോവാതെ നോക്കുന്നതിന്റെ കഷ്ടപ്പാടും സഹിച്ചവനാ ഈ ടിന്റു .

ആദ്യമായി സ്കൂളിന്റെ പടി കയറിയ ദിവസം ടിന്റു ഇന്നുമോര്‍ക്കുന്നുണ്ട്.

  അന്നൊരു മഴയുള്ള ദിവസമായിരുന്നു, തോരാത്ത മഴ കാരണം പുറത്തിറങ്ങാന്‍ വയ്യ . വീട്ടിലെ പശുവിനെപ്പോലും  മേയാന്‍  വിട്ടിരുന്നില്ല. പാവം ഒന്നും കഴിക്കാനില്ലാതെ തൊഴുത്തില്‍ കിടന്ന പശുവിന്റെ കാര്യമോര്‍ത്തപ്പോള്‍ സങ്കടം തോന്നി ..

അമ്മയുടെ മുന്‍പില്‍ പശുവിന്റെ കാര്യമുണര്‍ത്തിച്ചു

“ നിനക്കത്ര ദെണ്ണണ്ടൂന്ന്വെച്ചാ നിയ്യ് ഇച്ചിരി പുല്ലുപറിച്ചതിന്‍ കൊടുക്കെന്റെ ടിന്റ്വോ “

എന്ന അതി ക്രൂരമായ വാക്കുകളായിരുന്നു അന്ന് അമ്മ പറഞ്ഞത് .... ഇത്രയും കാലം തിന്നുക മാത്രം ചെയ്തു ജീവിച്ച ടിന്റുവിനോട് പുല്ലുപറിക്കാന്‍ പറഞ്ഞിരിക്കുന്നു.

ആ ദുഷ്ടയെ ഒരു പാഠം പഠിപ്പിക്കണം എത്ര മഴകൊണ്ടാലും ഇന്നു പുല്ലു പറിച്ചിട്ടേ ബാക്കിയുള്ളു..

 അങ്ങിനെയാണു പശുവിനു കുറച്ചു പുല്ലുപറിക്കാമെന്ന ലക്ഷ്യവുമായി വീടുവിട്ടിറങ്ങിയത്.

പുല്ലുതേടിയുള്ള യാത്ര അരയാല്‍ക്കവലയും പിന്നിട്ട് തോട്ടുമുക്കിലെത്തിയപ്പോള്‍ ആരൊക്കെയോ പരക്കം പായുന്നതുകണ്ടു  ...  ആകപ്പാടെ ഒരു ബഹളം ..  എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നെന്നു ടിന്റുവിനു തോന്നി..

 ടിന്റുവിനു ഒന്നും മനസ്സിലായില്ല അപ്പോഴേയ്ക്കും ബലിഷ്ടമായ ഒരു കരം വന്ന് ടിന്റുവിനെ പൊക്കിയെടുത്തിരുന്നു ....

ടിന്റുവിനെയുംകൊണ്ട് അയാള്‍  നടന്നു നീങ്ങി ..... ഒരു ട്രക്കിനടുത്തെത്തിയപ്പോള്‍ അയാള്‍ ടിന്റുവിനെ ട്രക്കിനുള്ളിലേക്കു വലിച്ചെറിഞ്ഞശേഷം വാതില്‍ വലിച്ചടച്ചു ... ട്രക്കില്‍ ടിന്റുവിനേപ്പോലെതന്നെ വേറെയും  ഒരുപാടു കുട്ടികളുണ്ടായിരുന്നു ...

അതെ പിള്ളേരു പിടുത്തക്കാര്‍ തന്നെ  .... എന്തുചെയ്യണമെന്നറിയാതെ ടിന്റു മറ്റുകുട്ടികളുടെ വായില്‍ നോക്കിനിന്നു.

ട്രക്ക് സാവധാനം ചലിച്ചു തുടങ്ങി.

******************************

ഏതോ ഒരു സ്കൂളിനു മുന്‍പിലെത്തിയപ്പോള്‍ ട്രക്കു പതുക്കെ നിന്നു ... ഒരു തടിയന്‍ വന്നു ട്രക്കിന്റെ വാതില്‍ തുറന്നു കുട്ടികളെയെല്ലാം പുറത്തിറക്കി എല്ലാവര്‍ക്കും ഓരൊ പുളിയിഞ്ചി കൊടുത്തതിനു ശേഷം സുഖവിവരങ്ങളന്വേഷിച്ചു ...

ടിന്റുവിനു നേരെ വന്നുകൊണ്ട് അയാള്‍ പറഞ്ഞു

“ മോന്റെ പേര്‍് ഇന്നുമുതല്‍   പി കെ വേലായുധന്‍ ന്നാ ”

അതെന്താ എന്തിനാ എന്നൊന്നും ടിന്റ്റു ചോദിച്ചില്ല

സ്കൂളിലെ മൂന്നാം ക്ലാസിലെ നാലാം ബെഞ്ചിനടുത്തേയ്ക്ക് ആരോ നയിച്ചപ്പോള്‍ യാന്ത്രികമായി പിറകെ ചെന്നു ... അങ്ങിനെ ആരുടെയോ ജോലി സ്ഥിരമാക്കാന്‍ വേണ്ടി ടിന്റുവും ആ സ്കൂളിന്റെ ഭാഗമാവുകയായിരുന്നു.

പിന്നീട്  ഒരു ദിവസം സ്കൂളില്‍ ഏ ഇ ഓ വന്നു  പി. കെ വേലായുധന്‍    എന്നു രജിസ്റ്ററില്‍ നോക്കി വിളിച്ചപ്പോള്‍  ടിന്റുമോന്‍ “ എന്തോ.....” എന്നു ഉറക്കെ വിളികേട്ടപ്പോള്‍ ഏ ഇ ഓ ഞെട്ടിയില്ല കാരണം അദ്ധേഹം ഇതും ഇതിലപ്പുറവും കണ്ടിട്ടുണ്ട്.

***********************************
അന്നു മുതല്‍ ഇന്നുവരേ ടിന്റുവെന്ന പി കെ വേലായുധന്റെ സ്ഥാനം മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചായിരുന്നു ...

ഇന്നിതാ ആ ബെഞ്ചിനോടു സലാം പറയാന്‍ പോകുന്നു .....

ടിന്റുമോനു സങ്കടം അടക്കാന്‍ വയ്യാതായി ... വേണ്ടായിരുന്നു .. അന്നു ഓമനട്ടീച്ചര്‍ അവധിയായിരുന്ന ദിവസം  വിലാസിനിടീച്ചര്‍ ക്ലാസില്‍ വന്ന ആ നശിച്ച നിമിഷത്തെ ശപിച്ചുപോയി ടിന്റു. അന്നു താനതു ചെയ്യാന്‍ പാടില്ലായിരുന്നു....

 രണ്ടും നാലും കൂട്ടിയാല്‍  എത്രയെന്നു ചോദിച്ചപ്പോള്‍ വല്ല എട്ടെന്നോ പത്തെന്നോ പറഞ്ഞാല്‍ മതിയായിരുന്നു....  ആ സമയത്ത് ടീച്ചറിന്റെ സാരിയിലെ പുള്ളികള്‍ എണ്ണുകയായിരുന്ന ടിന്റു അറിയാതെ ആറെന്നു പറഞ്ഞുപോയി ....

പിന്നീട് ഓമനടീച്ചര്‍ തിരിച്ചുവന്നപ്പോള്‍    ... ഇത്രയും പഠിപ്പുള്ള ടിന്റുവിനെ മൂന്നാം ക്ലാസില്‍ നിന്നും നാലിലേക്കയക്കണമെന്നു ആണയിട്ടു പറയുകയായിരുന്നു ദുഷ്ടയായ വിലാസിനിട്ടീച്ചര്‍ ...


നാലാം ക്ലാസിന്റെ പടിവാതിലിലെത്തിയപ്പോള്‍ ടിന്റു ചിന്തിക്കുകയായിരുന്നു മൂന്നാം ക്ലാസ്സില്‍ നിന്നും നാലാം ക്ലാസ്സിലെത്തണമെങ്കില്‍ നന്നായി പഠിച്ചാല്‍ മതി ... പക്ഷെ നാലില്‍നിന്നും മൂന്നിലെത്താനെതുചെയ്യും?!! ...
അവസാനം എന്തോ തീരുമാനിച്ചപോലെ നാലാം ക്ലാസ്സിന്റെ പടിവാതിലും വിട്ടു സ്കൂളിന്റെ പടിപ്പുരയും കടന്ന് ടിന്റു നടന്നകന്നു...........

ഇനിയും പിള്ളേര്‍ പിടുത്തക്കാര്‍ വരുമായിരിക്കും ... ഏതെങ്കിലും ക്ലാസ്സില്‍ കുട്ടികളെ തികയാതെ വരുമ്പോള്‍  അവര്‍ വരും ... വരാതിരിക്കില്ല  .... ഇംഗ്ലീഷ് സ്കൂളുകളിലും മറ്റുമായി കുട്ടികള്‍ ചേക്കേറുമ്പോള്‍ .... തീര്‍ച്ചയായും അവര്‍ വരും .... അന്നു ടിന്റു പറയും  എനിക്കു മൂന്നാം ക്ലാസ്സിലെ നാലാം ബെഞ്ചുതന്നെ മതിയെന്നു....

16.5.10

യൂസ്ഡ് ഭര്‍ത്താവ്

ഒത്തിരി പഴയ ഒരു കാലത്താണു കഥ നടക്കുന്നത്. ആ കാലത്ത് പ്രേമിക്കാനൊരാളെക്കിട്ടാതെ അലഞ്ഞു തിരിയുകയായിരുന്നു ഞാന്‍.

  പ്രേമം എന്ന സംഗതി ഭയങ്കരമായ സംഭവമാണെന്ന് കഥകളിലൂടെയും കവിതകളിലൂടെയും സിനിമയിലൂടെയുമെല്ലാം നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലൊ.

ഏതൊരു സിനിമാ കണ്ടാലും അതിലെ നായികയെ എന്റെ നായികാസ്ഥാനത്തു സങ്കല്പിച്ചു നോക്കുക പതിവായിരുന്നു. പല പോരായ്മകളും അവരിലെല്ലാം കണ്ടതുകൊണ്ടായിരുന്നു അവരെയൊന്നും പ്രേമിക്കാന്‍ ഈ ഞാന്‍ തയ്യാറാവാതിരുന്നത്.

അങ്ങിനെ ചുരുക്കിപ്പറയട്ടെ എന്റെ സങ്കല്പത്തിലെ സംഗതികളെല്ലാം ഒത്തിണങ്ങിയിട്ടുണ്ടോ എന്നുനോക്കാന്‍ തരുണികള്‍ ബസ്സിനുകാത്തുനില്‍ക്കുന്നിടത്തും , മുഖം കഴുകുന്നിടത്തും എന്തിനേറെപ്പറയണം കുളിക്കടവില്‍പ്പോലും ചെന്ന് സംഗതി നോക്കിയ എന്നെ പലവട്ടം തെങ്ങില്‍ക്കെട്ടിയിട്ടടിച്ചതുകൊണ്ടായിരുന്നു നാട്ടുകാരെനിക്കു തെങ്ങുവാസു എന്നു പേരിട്ടത് (വല്ലപ്പോഴും സംഗതി നോക്കി നോക്കി  തെങ്ങില്‍ക്കയറുമെന്നല്ലാതെ ഇതുവരേ ഞാന്‍ തേങ്ങയിട്ടിട്ടില്ല എന്നതു പച്ചയായ സത്യമാണു).

എന്റെ സംഗതിനോട്ടം നാട്ടിലെപെണ്‍പിള്ളേരുടെ നിലനില്‍പ്പിനും വംശനാശത്തിനും വരേ കാരണമാകുമെന്നു കണ്ടപ്പോള്‍   നാട്ടുകാര്‍ നന്നായിട്ടു സ്വീകരണം തന്നുകൊണ്ടുതന്നെ എന്നെ കള്ളവണ്ടികയറ്റി ബോംബെയിലെത്തിച്ചു.

ബോംബയില്‍ പല സംഗതികളും കണ്ടുവളര്‍ന്ന ഞാന്‍  ചേരികളില്‍ അടിപിടികൂടിയും അടിച്ചുമാറ്റിയും മെല്ലെ   വളര്‍ന്നുകൊണ്ടിരുന്നു. കാറും ബംഗ്ലാവും വരേ എനിക്കു സ്വന്തമായപ്പോള്‍ പോലും ഞാനന്വേഷിച്ചിരുന്ന സംഗതികളുള്ള മനസ്സുമാത്രം എനിക്കു കിട്ടിയില്ല.

ദാഹിക്കുന്നവനു വാരിക്കോരി നല്‍കി ദാഹശമനം വരുത്തി തന്റെ കുഞ്ഞിന്റെ ദാഹം മാറ്റുന്ന അമ്മമാര്‍ മുതല്‍  കണ്ടവന്റെ ദാഹം ശമിപ്പിക്കാന്‍ തന്റെ പിഞ്ചുകുഞ്ഞിന്റെ ചോരയൂറ്റി വിലപേശുന്ന അമ്മമാരെ വരെ കണ്ടപ്പോള്‍ നിര്‍വികാരമായിരുന്നു മനസ്സില്‍.

ഭൂമിയില്‍  സംഗതികളെല്ലാമൊത്തിണങ്ങിയ പ്രേമമെന്നത് വെറും സാങ്കല്‍പ്പികമാണെന്ന തിരിച്ചറിവു വന്നപ്പോഴായിരുന്നു അവള്‍ കടന്നുവന്നത്.

അതേ അവള്‍ തന്നെ വര്‍ഷങ്ങളായി ഞാനന്വേഷിച്ചിരുന്നവള്‍ ! എല്ലാ സംഗതികളുമൊത്തിണങ്ങിയവള്‍ !! ദൈനംദിനമായ കണ്ടുമുട്ടലുകള്‍ ഞങ്ങളിലെ ദൂരം കുറച്ചുകൊണ്ടിരുന്നു.

ദൂരങ്ങള്‍ കുറഞ്ഞുകുറഞ്ഞു ഞങ്ങളില്‍ ദൂരം ഒട്ടും അവശേഷിക്കാതിരുന്ന ഒരു വേളയില്  അവളെന്നോടു ചോദിച്ചു.
“ ചേട്ടനു കുട്ടികളെ ഇഷ്ടമാണൊ?...”
എന്റെ സങ്കല്പത്തിലെ പെണ്ണുചോദിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന അതേ ചോദ്യം അവളെന്നോട് ചോദിച്ചിരിക്കുന്നു. നാഗരികതയില്‍ മുങ്ങി നാം രണ്ട് നമുക്കൊന്നുംതന്നെവേണ്ട എന്ന തത്വത്തില്‍ വിശ്വസിക്കാത്ത എന്റെ നായിക ഇവള്‍തന്നെയെന്നു ഞാനുറപ്പിച്ചു. അതെ കുട്ടികളെയെനിക്കൊരുപാടൊരുപാടിഷ്ടമാണെന്നുപറഞ്ഞു.

അവളുടെ മുഖത്തു മിന്നിമറഞ്ഞസന്തോഷം എനിക്കൂഹിക്കാവുന്നതേ ഉണ്ടായിരുന്നു. അവളുടെ സങ്കല്‍പ്പത്തിലെ നായകനില്‍ നിന്നും അവള്‍ പ്രതീക്ഷിച്ചിരുന്ന മറുപടിതന്നെയാണ്‍് എന്നില്‍നിന്നും അവള്‍ക്കു കിട്ടിയത്.

താലിമാലയിലും മന്ത്രകോടിയിലുമുള്ള വിശ്വാസം വെറും സാങ്കല്പികമാണെന്നു തെളിയിക്കുന്ന തെളിവുകള്‍ സ്വന്തം നാട്ടില്‍ കണ്ടുമടുത്തിരുന്നതിനാലായിരുന്നു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ മുറിയിലെ ശീതളിമയില്‍ ഞങ്ങളൊന്നായത് . പണത്തിനുമുകളില്‍ മറ്റെന്തൊക്കെയോ ഉണ്ടെന്നു മനസ്സിലായ നിമിഷത്തില്‍ അവളൊരിക്കല്‍ക്കൂടി എന്നോട് ചോദിച്ചു

“ സത്യമായിട്ടും ചേട്ടനു കുട്ടികളെ ഇഷ്ടമാണൊ?”

മറുപടിയായിക്കിട്ടിയചുമ്പനത്തിന്റെ ലഹരിയില്‍ അവളുറക്കത്തിലേക്കു വഴുതിയപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ഞാനാണെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു.

പകലോന്റെ കതിരുകള്‍ ഉറക്കത്തിന്റെ ആലസ്യം കളഞ്ഞപ്പോഴായിരുന്നു  അവള്‍ക്കായിപ്പരതിയ കൈകള്‍ നിരാശപ്പെട്ടത്. ഹോട്ടലിലാകെ അവളെയന്വേഷിച്ചിട്ടും കാണാതിരുന്നപ്പോള്‍  മനസ്സില്‍ ആധിമാത്രം ബാക്കിയായി .

ഇത്രയും വെളുപ്പിനു അവളെവിടെപ്പോയി?!
ഹോട്ടലിനു പിറകുവശത്തായി കണ്ണെത്താ ദൂരത്തോളം ആഴമുള്ള കൊക്കയിലേക്കു നോക്കിയിരിക്കാന്‍ എതു രസമായിരുന്നെന്നവള്‍ ഇന്നലെ പറഞ്ഞതോര്‍ത്തപ്പോള്‍ എന്തെന്നില്ലാത്ത ഭീതി സിരകളില്‍ പടര്‍ന്നുനിന്നു. ഹോട്ടലിന്റെ പ്രധാന കവാടവും കടന്നു കൊക്കയെ ലക്ഷ്യമാക്കി നടക്കുമ്പോഴായിരുന്നു പിറകില്‍നിന്നും “ചേട്ടാ..” എന്നുള്ള അവളുടെ വിളി കേട്ടത്.

സന്തോഷവും സങ്കടവും ഒന്നിച്ചുവന്നപ്പോള്‍ ഞാനവളെ തുറിച്ചുനോക്കിനിന്നു. അവളുടെ കൂടെ അവളുടെ കൈപിടിച്ചുകൊണ്ടു രണ്ടുകുട്ടികളുണ്ടായിരുന്നു . ഞാന്‍ ചോദ്യഭാവേന അവളെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു.

“ചേട്ടന്‍ ഇന്നലെ പറഞ്ഞില്ലായിരുന്നോ കുട്ടികളെ ഇഷ്ടമാണെന്ന് . ഇവര്‍ രണ്ടുപേരും എന്റെ പഴയ ദരിദ്രവാസിയായ യൂസ്ഡ് ഭര്‍ത്താവില്‍  എനിക്കുണ്ടായ കുട്ടികളാണ്‍് . ചേട്ടനു സര്‍പ്രൈസായിക്കോട്ടെ എന്നുകരുതിയായിരുന്നു ഞാന്‍ പറയാതെ പോയി ഇവരെയും വിളിച്ചുവന്നത് ഇപ്പോള്‍ ചേട്ടെന്റെ മനസ്സു നിറഞ്ഞല്ലോ?”

കുട്ടികളെയിഷടമാണൊയെന്നവള്‍ ചോദിച്ചതില്‍ ഇത്രയൊക്കെ പൊരുളുകളുണ്ടെന്നു  മനസ്സിലാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം യൂസ്ഡ് ഭര്‍ത്താവെന്ന മഹത്തായ പദവും ഞാന്‍ പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു.



**********************
സര്‍ , മുകളില്‍ ഞാനെഴുതിയതാണു എന്റെ പുതിയ കഥ, ഇതു വായിച്ച് പതിവുപോലെ സ്റ്റാമ്പില്ലാത്തതിന്റെ പേരില്‍  ചവറ്റുകുട്ടയിലിടരുത്  എന്നൊരു അപേക്ഷയോടൊപ്പം തിരിച്ചയയ്ക്കാനുള്ള സ്റ്റാമ്പും ഇതില്‍ പണ്ടാരമടക്കിയിട്ടുണ്ട് .
 എന്നു താഴ്മയോടെ കഥാകാരന്‍ അലിയാസ് ഇറച്ചിവാസു (തെങ്ങ് വാസൂന്നും പറയും).

ഇത്രയും വായിച്ച മോഡേര്‍ണ്‍ സ്റ്റോറി മാഗസിന്റെ ചീഫ് എഡിറ്റര്‍  കഥയെടുത്ത് പതിവുപോലെ ചവറ്റുകുട്ടയിലിട്ടശേഷം കത്തില്‍ നിന്നു കിട്ടിയ സ്റ്റാമ്പെടുത്ത് തന്റെ സ്റ്റാമ്പുബിസിനസ്സിനസ്സ്ശേഖരത്തിലേക്കു കൂട്ടിച്ചേര്‍ത്തു.

11.5.10

തൊമ്മിച്ചന്റെ നൊസ്റ്റാള്‍ജിയ

“...............
...........
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ...“

മുറ്റത്തുനിന്നും കുട്ടികള്‍ ഉറക്കെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. തോട്ടുങ്കല്‍ തൊമ്മിച്ചന്‍  ഇതുകേട്ട് ഞെട്ടിയുണര്‍ന്നു ചുറ്റുപാടും പകച്ചുനോക്കി.

ഇലകള്‍ പച്ച .... പൂക്കള്‍ മഞ്ഞ .... തുടങ്ങിയ പദങ്ങള്‍ നമ്മെ മഞ്ചാടിക്കുരുവിന്റെയും,  സ്ലേറ്റു പെന്‍സിലിന്റെയും , മയില്‍പ്പീലിയുടെയുമെല്ലാം ലോകത്തേയ്ക്ക്  കൈപിടിച്ച് കൊണ്ടുപോകുമെന്നത് പ്രകൃതിസത്യമാണെങ്കില്‍  തോട്ടുങ്കല്‍ തൊമ്മിച്ചനെ ഇവറ്റകള്‍ കൊണ്ടുപോകുന്നത് മറ്റു പലയിടത്തേക്കുമായിരുന്നു.

ഇപ്പോള്‍ ജീവിതത്തിന്റെ മുക്കാല്‍ സെഞ്ചുറിയുമടിച്ചുനില്‍ക്കുന്ന തൊമ്മിച്ചന്‍് പണ്ടുപണ്ടൊരാഗ്രഹം തോന്നി. ഒരിക്കല്‍ മാത്രം തോന്നിയ ഒരേയൊരാഗ്രഹം! മാതാവിന്റെ വയറ്റില്‍നിന്നും പുറത്തുചാടി മുപ്പത്തിയെട്ടു സംവത്സരങ്ങള്‍ക്കു ശേഷമുദിച്ച ആ ഒരേയൊരാഗ്രഹമെന്താണെന്നുവെച്ചാല്‍ മറ്റൊന്നുമായിരുന്നില്ല. ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും എന്നുമാത്രമല്ല സായിപ്പിനെപ്പോലെ സംസാരിക്കാനും പഠിക്കണമെന്നതായിരുന്നു!

 തന്റെ അപ്പനപ്പാപ്പന്മാരുടെ തറവാടിന്റെ പേരുംകൂടികൂട്ടിയിട്ട ‘തോട്ടുങ്കല്‍ തൊമ്മിച്ചന്‍ ’ എന്ന നാമം മലയാളത്തില്‍ നേരെചൊവ്വെ പോയിട്ട് വളഞ്ഞുകുത്തിപ്പോലുമെഴുതാനറിയില്ല എന്നതില്‍ തൊമ്മിച്ചനു വിഷമമില്ല സങ്കടമില്ല എന്നുമാത്രമല്ല ഈ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരുകുന്തവുമില്ല.

പള്ളിക്കൂടത്തില്‍ പോകുന്നവര്‍ ഒരുപണിയുമില്ലാത്തവരോ അല്ലെങ്കില്‍ ഒരുപണിയുമെടുക്കാന്‍ വയ്യാത്ത മടിയന്മാരോആണെന്നത് ആര്‍ക്കാണറിയാന്‍പാടില്ലാത്തത് . ഇത്തരം മടിയന്മാരെയും അവര്‍ക്കുവേണ്ടി പള്ളിക്കൂടം നടത്തുന്നവരെയും തൊമ്മിച്ചനു അറപ്പാണ്‍് വെറുപ്പാണ്‍് . അതുകൊണ്ടുതന്നെയാണ്‍് തൊമ്മിച്ചന്‍ പള്ളിക്കൂടത്തില്‍ പോയി നശിച്ചുപോകാതിരുന്നതും!


പക്ഷെ ഇന്നു സ്ഥിതി അതല്ല കാരണം മലയാളം പഠിച്ചില്ലായെങ്കിലും ലണ്ടനീന്നുവന്ന ശോഷാമ്മയുടെ മോള്‍ സൂസിക്കൊച്ചിനോട് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കണമെങ്കില്‍ ഇംഗ്ലീഷുതന്നെവേണ്ടായൊ? സൂസിക്കൊച്ചിനെക്കാണുമ്പോള്‍ തൊമ്മിച്ചനു വല്ലാത്ത ‘ഒരിത്’ തോന്നും.  തൊമ്മിച്ചന്റെ നേരെ ഇളയ ജോസൂട്ടിയാണെങ്കില്‍ പകുതി ഇംഗ്ലീഷു പഠിച്ചിട്ടുണ്ട്  ( A മുതല്‍ M വരേ) . ആയതിനാല്‍ തൊമ്മിച്ചന്‍ ഫുള്ളു പഠിച്ചില്ലാ എങ്കില്‍ നാണക്കേടു തൊമ്മിച്ചനുതന്നെയല്ലിയോ.

അങ്ങിനെയാണ്‍ സന്ധ്യകഴിഞ്ഞ് നേരമല്ലാനേരത്ത് തോട്ടുങ്കല്‍ തൊമ്മിച്ചന്‍ ഇംഗ്ലീഷ് പഠിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ   പട്ടാളം പുഷ്കരന്റെ ഭാര്യ കല്യാണിട്ടീച്ചറുടെ വീട്ടുപടിക്കലെത്തിയത്.

അകത്തുനിന്നും കല്യാണിട്ടീച്ചറുടെ കാല്‍ഡസണ്‍ മക്കള്‍ കഴിവിന്റെ പരമാവധി തൊണ്ടയുടെ വോള്യം കൂട്ടിവെച്ച് കളിക്കുന്ന ശബ്ദം അങ്ങ് നങ്ങേലിപ്പാറയും കടന്ന് കോട്ടപ്പടി അങ്ങാടിവരേ മുഴങ്ങിക്കേള്‍ക്കാമായിരുന്നു.

“ നാരങ്ങ നാല്‍്
ചുണ്ടയ്ക്ക രണ്ട്...
ഇലകള്‍ പച്ച..
പൂക്കള്‍ മഞ്ഞ...”

തങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന വാക്കില്‍ കതിരോ പതിരോ തവിടോ എന്തെങ്കിലുമുണ്ടോ എന്നൊന്നുംനോക്കാതെ അവറ്റകള്‍ ഉറക്കെ വിളിച്ചുകൂവുകയാണ്‍്.

ഏതായാലും തന്റെ സദുദ്ദേശ ആഗമനം കല്യാണിട്ടീച്ചറെ അറിയിക്കാന്‍ നമ്മുടെ തൊമ്മിച്ചന്‍ ടീച്ചറുടെ വീട്ടുപടിക്കലിരുന്നു ഉറക്കെ വിളിച്ചുകൂവി ....
“കല്യാണിട്ടീച്ചറേ.... കല്യാണിട്ടീച്ചര്‍.......”

 ഇലകള്‍ പച്ചയിലും പൂക്കള്‍ മഞ്ഞയിലും കുളിച്ചുനിന്ന കര്‍ണ്ണകഠോരപ്രകൃതിയില്‍  തൊമ്മിച്ചന്റെ കല്യാണിട്ടീച്ചര്‍ വെറും ആനവായില്‍ അമ്പഴങ്ങപോലയേ ഉണ്ടായിരുന്നുള്ളു.

അവസാനം ഒരു ഗതിയും കിട്ടാതെ വന്നപ്പോഴാണ്‍് ടീച്ചറെ ജനലിലൂടെ വിളിച്ചു കാര്യം പറയാമെന്നു വെച്ച് തൊമ്മിച്ചന്‍ ജനലിനടുത്തേക്കു ചെന്നത് .. അകത്തുനോക്കിയപ്പോള്‍ ആരേയും കണ്ടില്ല .. വീണ്ടും കുറച്ചു പൊക്കത്തിലായി മറ്റൊരു ജനലില്‍ക്കൂടി മങ്ങിയ വെളിച്ചം കണ്ടപ്പോള്‍  നേരേ അങ്ങോട്ടുചെന്നു.

വെറും കാലില്‍ നിന്നാല്‍ ജനലിനടുത്തേക്ക് എത്തുമായിരുന്നില്ല അതുകൊണ്ടായിരുന്നു തൊമ്മിച്ചന്‍ വളരെ ബുദ്ധിമുട്ടി തന്റെ ആന്ദ്രവായുവിനേവരേ നിയന്ത്രിച്ച് അടുത്തുകണ്ട തെങ്ങിന്‍ മടല്‍ ചുവരില്‍ ചാരിവെച്ച് അതില്‍ക്കയറി ജനലിലൂടെ നോക്കിയത്....

പിന്നീട് തൊമ്മിച്ചനു ഒന്നുംതന്നെയോര്‍മ്മയുണ്ടായിരുന്നില്ല . എങ്ങുനിന്നോ കാലങ്കോഴിയുടെ മൂളല്‍ പോലെ ഒരു ശബ്ദം മാത്രം അവ്യക്തമായി കേട്ടു......

“ ഇലകള്‍ പച്ച ...
പൂക്കള്‍ മഞ്ഞ...”

പിന്നീട് നാലുദിവസങ്ങള്‍ക്കു ശേഷം ബോധം തിരിച്ചുവന്നപ്പോഴാണറിയുന്നത് . കല്യാണിട്ടീച്ചറുടെ കുളിമുറിയുടെ ജനലിലേയ്ക്കായിരുന്നു തന്റെ ഇംഗ്ലീഷിനു ദാഹിച്ച ചാടിക്കയറ്റെമെന്നും , ടിച്ചര്‍ കുളിക്കുമ്പോള്‍ സ്ഥിരമായി ജനലില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന നിഴലിനെപ്പറ്റിയുള്ള പരാതികിട്ടിയ ഭര്‍ത്താവ് പുഷ്കരന്‍ ചേട്ടന്‍ പട്ടാളത്തില്‍നിന്നും പരാതിലീവെടുത്ത് നിഴലിനെപ്പിടിക്കാന്‍ നാട്ടില്‍ വന്നു ഉലക്കയുമായി വീടിനു ചുറ്റും ചുറ്റിത്തിരിയുന്ന സമയത്തായിരുന്നു താന്‍ അവിടെ എത്തിയതെന്നും .

അതുമാത്രമായിരുന്നില്ല തോട്ടുങ്കല്‍ തൊമ്മിച്ചന്‍ എന്ന തന്റെ തറവാട്കൂട്ടിയിട്ട പേര്‍ അന്നുമുതല്‍ നാട്ടുകാര്‍ കുളിമുറിയ്ല് തൊമ്മന്‍ എന്നാക്കി മാറ്റിയതും ഈ സംഭവത്തിനു ശേഷമായിരുന്നു ....

മുറ്റത്തുനിന്നും തന്റെ കൊച്ചുമക്കള്‍ .......... ഇലകള്‍ പച്ച ...പൂക്കള്‍ .... എന്നുപറഞ്ഞുകളിച്ചുതുടങ്ങിയപ്പോള്‍ തോട്ടുങ്കല്‍ തൊമ്മിച്ചന്‍ പതിവുപോലെ സോഡാക്കുപ്പിയിലെ ഗോലിയെടുത്ത് തന്റെ രണ്ടു ചെവികളിലും തിരുകിവെച്ചു. എന്നിട്ടു വീണ്ടും നിദ്രാദേവിയുടെ വരവിനായി കണ്ണുകള്‍ ഇറുക്കിയടച്ചു.

25.3.10

സില്‍മാലൊക്കേഷന്‍@ബാത്ത്‌റൂം

ഒണക്കടവര്‍ ഹോട്ടലിന്റെ ബാത്ത്‌റൂം ലൊക്കേഷന്‍ വാര്‍ത്തകളാണ് ഇന്നത്തെ ‘സില്‍മാലോക്കലി’ലുള്‍പ്പെടുത്തിയിരിക്കുന്നത്.

ഓച്ചിമല ശാന്ത മുഖ്യ വേഷത്തിലഭിനയിക്കുന്ന ‘എന്നെയങ്ങ് കൊല്ലൂ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഒണക്കടവര്‍ ഹോട്ടലിന്റെ ബാത്ത്‌റൂമിലും (ടോയ്‌ലറ്റ് അറ്റാച്ച്ഡ്) പരിസരപ്രദേശങ്ങളിലുമായി നടന്നുവരുന്നത്.

ഓച്ചിമല ശാന്തയെക്കൂടാതെ പേരറിയാന്‍ പാടില്ലാത്ത  ഒരുകൂട്ടം ഗസ്റ്റ് താരങ്ങളുമഭിനയിക്കുന്ന ‘എന്നെയങ്ങ്കൊല്ലൂ’ വില്‍  നടന്മാര്‍ക്ക് പുല്ലുവിലയും നടികള്‍ക്കു പൊന്നുവിലയുമാണെന്നതും, ഉള്ളനടികളെല്ലാം നായികമാരുമാണെന്നതും  ഈ ചിത്രത്തിന്റെ അനേകം പ്രത്യേകതകളില്‍ മുഴച്ചുനില്‍ക്കുന്ന ഒന്നാണെന്ന്  ക്യാമറമാന്‍ കം ഡയറക്ടര്‍ കം ആള്‍ ഇന്‍ ആള്‍ ആയ ക്യാമറപൊന്നപ്പന്‍ (നമ്മുടെയെല്ലാം തങ്കപ്പന്‍ ) അറിയിച്ചു.

ഇത്രയേറെ അതിഥിതാരങ്ങളെ അണിനിര്‍ത്തുന്ന മലയാളത്തിലെ ആദ്യത്തെ സില്‍മയായ ‘എന്നെയങ്ങുകൊല്ലൂ’ തിയേറ്ററുകളില്‍ ക്യൂ നിന്ന് പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍  മൊബൈല്‍ മെമ്മറികാര്‍ഡ്, ഫ്ലാഷ് മെമ്മറി, ഹാര്‍ഡ്‌ഡിസ്ക് എക്സ്ട്രാ ... തുടങ്ങിയവയില്‍ ബ്ലൂട്ടൂത്ത് വഴിയും ഇന്റര്‍നെറ്റ് വഴിയുമായിരിക്കും റിലീസ് ചെയ്യപ്പെടുക.

വളരെയേറെ നിര്‍മ്മാണച്ചിലവുവരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിംഗിനായി കാത്തുനില്‍ക്കുന്ന ജനകോടികള്‍ക്ക്  ക്യാമറതങ്കപ്പന്‍ അലിയാസ് പൊന്നപ്പന്റെ പഴയ ചിത്രങ്ങളേ പ്പോലെത്തന്നെ ഈ പ്രാവശ്യവും നിരാശപ്പെടേണ്ടിവരില്ലാ എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

കൂടുതല്‍ പുതുമുഖങ്ങളെ സില്‍മാരംഗത്തേയ്ക്ക് കൊണ്ടുവരിക എന്ന പ്രത്യേകതയും  നമ്മുടെ ‘സില്‍മാദൈവമായ’ തങ്കപ്പന്‍  ഈ ചിത്രത്തില്‍  പരീക്ഷിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെയാണ് ഹോട്ടലില്‍ വരുന്ന സകല തരുണികള്‍ക്കും വിതൌട്ട് റിഹേഴ്സലായി ചിത്രത്തിലഭിനയിക്കാനുള്ള ചാന്‍സുകൊടുത്തിരിക്കുന്നത്. ഇവരെയാണു നാം ‘ഗസ്റ്റ് താരങ്ങള്‍’ (ഹോട്ടലിലെ ഗസ്റ്റ്) എന്നു വിളിക്കുന്നത് .

സ്റ്റാര്‍ട്ട് കട്ട് ആക്ഷന്‍ ഇവയിലൊന്നിന്റെ കൂടെ  ഒണക്കട്ടവറിലെ ക്യാമറയും കുളത്തില്‍ (ക്ഷമിക്കണം ക്ലോസറ്റില്‍) ചാടുന്നതുവരേ അടുത്ത പടത്തിന്റെ ലൊക്കേഷനും ഒണക്കട്ടവര്‍ ബാത്ത്‌റൂം തന്നെയായിരിക്കുമെന്ന് ക്യാമറ .....അപ്പന്‍ കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ ലൊക്കേഷന്‍ വാര്‍ത്തകളുമായി അടുത്തയാഴ്ച കാണും‌വരേയ്ക്കും (വല്ലോരും തല്ലിക്കൊന്നില്ലാ എങ്കില്‍ ) ഗുഡ്ബൈ.......

18.3.10

ചാത്തൂട്ടിസം

നിറഞ്ഞ സദസ്സിനുമുന്‍പില്‍നിന്നുകൊണ്ട് ചാത്തൂട്ടി വിളിച്ചുകൂവി “എനിക്കു ജീവിക്കണ്ട പണ്ടാരം, മടുത്തൂ......” സത്യത്തില്‍ സദസ്യര്‍ മൂക്കത്തുവിരല്‍ വെച്ചുപോയി എന്നുതന്നെ പറയണം ‘നിറഞ്ഞ’ സദസ്സില്‍ ചാത്തൂട്ടിയെ അറിയാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല!!

ഈ നാട്ടില്‍ ചാത്തൂട്ടിക്ക് ജീവിക്കാന്‍ കഴിയാത്ത എന്തു സംഭവമാണുണ്ടായത് ?! ഒരു ഡസണ്‍ മക്കളില്‍ മുക്കാല്‍ ഡസണും അങ്ങ് അമേരിക്കയിലാണെന്നുമാത്രമല്ല മാസാമ്മാസ്സം ചാത്തൂട്ടിക്ക് പണമയച്ചുകൊടുക്കുന്ന കാര്യത്തില്‍ അവര്‍തമ്മില്‍ കടുത്ത മത്സരമാണുതാനും.

ഇനി ചാത്തൂട്ടിയെപ്പറ്റി രണ്ടേരണ്ടുവാക്ക്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാണകം വാരിനടന്ന കാലത്ത് ചാത്തൂട്ടിയെ ഒരു കുട്ടിയും തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ല എന്നതു സത്യമാണെങ്കില്‍ അത്യാവശ്യത്തിനു മണല്‍ക്കടത്തൊക്കെ നടത്തി പെമ്പിള്ളാരെ കെട്ടിച്ചയക്കുകയും, ആമ്പിള്ളാരെ അമേരിക്കയിലെ എന്‍.ആര്‍.ഐ ക്കാരികളെക്കൊണ്ട് കെട്ടിപ്പിക്കുകയും ചെയ്തപ്പോള്‍ തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ വരേ ആളുണ്ടായി എന്നതും സത്യമാണ്.

ഇന്ന് ‘ചാത്തൂസ് ചിട്ടീസ്’, ‘ചാത്തൂട്ടി ട്രാവത്സ്’ , ‘ചാത്തൂ ബില്‍ഡേഴ്സ്’ എന്നുതുടങ്ങി ഇരുപത്തിയെട്ടോളം സ്ഥാപനങ്ങള്‍ക്കുടമയും അതിലെ തൊഴിലാളികള്‍ക്ക് മുതലാളിയുമാണ് മിസ്റ്റര്‍ ചാത്തൂട്ടി.

അതുകൊണ്ടുതന്നെ ചാത്തൂട്ടിയില്ലാതെ നാട്ടില്‍ ഒരു പരിപാടിയുമില്ല. ഉത്സവമാണെങ്കിലും, ഗാനമേളയാണെങ്കിലും എന്തിനുപറയണം പാട്ടുകച്ചേരിയാണെങ്കില്‍ പോലും ചാത്തൂട്ടിയില്ലാതെ നടക്കില്ല എന്നുമാത്രമല്ല നാട്ടുകാര്‍ നടത്തില്ല എന്നതാണു സ്ഥിതി.

ഇത്രയൊക്കെ ജനസമ്മതിയുള്ള ചാത്തൂട്ടിയല്ലാതെ മറ്റൊരാളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ വേറെയാളില്ലാ എന്നതാണ് പ്രാദേശിക, ദേശീയ വൈദേശിക പാര്‍ട്ടിക്കാരുടെ കണ്ടെത്തല്‍.

ചാത്തൂട്ടിക്കുവേണ്ടി പാര്‍ട്ടികള്‍തമ്മില്‍ അടിയായി പിടിയായി എന്നുമാത്രമല്ല ഓലപ്പടക്കം മുതല്‍ പന്നിപ്പടക്കം വരേ പൊട്ടിച്ച് നാടിനെ വിറപ്പിക്കാനും തുടങ്ങി.

ചുരുക്കിപ്പറഞ്ഞാല്‍ മൂപ്പര്‍ക്ക് വീടിനുപുറത്തിങ്ങാന്‍ വയ്യാതായി. അതുകൊണ്ടുതന്നെ ചാത്തൂട്ടിക്ക് പണ്ടുമുതലേയുള്ള പല ശീലങ്ങളും മാറ്റേണ്ടതായും വന്നു എന്നതാണ് ഏറെ ദു:ഖകരം.

ചാത്തൂട്ടി ജനിച്ചതുമുതല്‍ ഇന്നുവരേ വെളിക്കിരുന്നത് പുഴവക്കത്തെ മുരിക്കിനുതാഴെയായിരുന്നെങ്കില്‍ ഇന്നത് വീട്ടിലെ ടോയ്‌ലറ്റിലേക്കു പറിച്ചുനട്ടു എന്നുപറയുന്നതിലും വലിയ സങ്കടം വേറെയില്ല.

ഇതായിരുന്നു രാഷ്ട്രീയക്കാരെ വെട്ടിച്ചുനടന്ന ചാത്തൂട്ടി ഒരിക്കല്‍ ഗ്രാമത്തിലെ നിറഞ്ഞ സതസ്സിനുമുന്‍പില്‍ പ്രദര്‍ശനം നടത്തുകയായിരുന്ന ഓണംകേറാ തിയേറ്റേഴ്സിന്റെ ആറാമത് നാടകമായ “ആരുണ്ടിവിടെ ചോദിക്കാന്‍” എന്ന നാടകത്തിന്റെ ക്ലൈമാക്സുരംഗത്ത് സ്റ്റേജിലില്‍ വലിഞ്ഞുകയറി നായകനെ തട്ടിമാറ്റി മൈക്കിനുമുന്‍പില്‍ നിന്നുകൊണ്ട് “എനിക്കു ജീവിക്കണ്ട പണ്ടാരം, മടുത്തൂ......” എന്ന വാക്യങ്ങള്‍ ഉറക്കെ പ്രഖ്യാപിച്ചതിനു കാരണം!

സദസ്സു ഞെട്ടി !! എന്തിനേറെപ്പറയണം നാടകത്തിന്റെ ക്ലൈമാക്സില്‍ വലിച്ചെറിയാന്‍ കൊണ്ടു‌വെച്ച ചീഞ്ഞമുട്ടകള്‍ കൈകളിലേന്തിയ കുലീനയുവകോമളന്മാര്‍‌വരേ നിശ്ചലരായി!!!

ചാത്തൂട്ടി മൈക്കിലൂടെ വാക്യങ്ങളുരുവിട്ടുകൊണ്ടിരുന്നു.

“പ്രിയപ്പെട്ടവരെ ഒരുകാലത്ത് കൂലിവേല ചെയ്തുജീവിച്ച ഞാനിന്ന് കൂലികൊടുക്കുന്ന മുതലാളിയായി മാറിയിട്ടുണ്ടെങ്കില്‍. അതെന്റെ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് അല്ലാതെ ഒരലവലാതിക്കും പങ്കില്ല. എന്നാല്‍ ഇനിയും വേലെയെടുത്ത് ജീവിക്കാനെനിക്കുമടിയില്ല എങ്കിലും രാഷ്ട്രീയം.... അതെനിക്കുപറ്റില്ല. കാരണം നമ്മുടെ സ്വകാര്യതയാണ് രാഷ്ട്രീയം മൂലം നഷ്ടമാകുന്നത് , ഒളിക്ക്യാമറകളും ഒളിക്കാത്ത ക്യാമറകളും എന്നെത്തേടിയെത്തുമെന്ന ഭയമാണെങ്കില്‍ അതെനിക്കില്ല എനിക്കൊന്നും തന്നെ ഒളിക്കാനില്ല. ജനങ്ങളെ പറ്റിക്കുന്നതില്‍ എനിക്കു സങ്കടമാണെന്നു നിങ്ങള്‍ കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റി കാരണം വോട്ടു ചെയ്യുന്ന ഓരോപൌരനും ഇവിടെ പറ്റിക്കപ്പെടണം എന്നത് എന്റെ പൂവണിഞ്ഞുകൊണ്ടിരിക്കുന്ന ആഗ്രഹങ്ങളിലൊന്നാ‍ണ്.

എന്റെ സങ്കടമതല്ല പ്രിയപ്പെട്ടവരേ ഞാനൊരു രാഷ്ട്രീയക്കാരനായി പൂമാലയിട്ടു നടന്നാല്‍ എന്റെ ഫാര്യ ഓമനയ്ക്കാരുണ്ട് എന്നതിലാണെനിക്കു വിഷമം. കാരണം ഒരുകാലത്ത് തൊഴിലാളിയായിരുന്ന ഓമന മുതലാളിയായ തിയ്യതിമുതല്‍ ഇന്നുവരേ വീടിന്റെ അടുക്കള കണ്ടിട്ടില്ല . എന്തിനു ഒരു ഗ്ലാസ്സുപോലും വാഷ് ചെയ്തിട്ടില്ല. ലോ കചരിത്രത്തിലിന്നുവരേ ഒരു മുതലാളിച്ചിയും അടുക്കളയില്‍ കയറിയിട്ടില്ലാ എന്നാവളുടെ കണ്ടുപിടുത്തം . വേലക്കാരികളെ വെച്ചാലതവള്‍ക്കിട്ടുതന്നെ ഒരു വേലയായിരിക്കുമെന്നറിയാവുന്നതുകൊണ്ട് അവള്‍ക്ക് ‘ചങ്കൂരിച്ചിക്കന്റെ’ കൂടെ ആട്ടിന്‍ സൂപ്പ് കുഴച്ച കഞ്ഞികുടിക്കണമെങ്കില്‍ ഞാന്‍തന്നെ അടുക്കളയില്‍ കയറണം.

അവളെ പട്ടിണിക്കിട്ടാല്‍ മുട്ടുകാലു തല്ലിയൊടിക്കുമെന്നാണ് അവളുടെ ആങ്ങളയും എന്റെ വര്‍ഗ്ഗ ശത്രുവുമായ ചട്ടുകാലന്‍ കോവിന്തന്‍ പറഞ്ഞത്. അവള്‍ക്ക് സകല മുതലാളിച്ചിമാരുടെയും ലോഗോയായ പട്ടിക്കുട്ടിയെ വാങ്ങിക്കൊടുക്കാത്തതില്‍ ഒരിക്കല്‍ ചട്ടുകാലനെന്റെ കാലിനിട്ടൊന്നുകൊട്ടിയതിന്റെ വേദന ഇന്നും ഈകാലുകളില്‍ തളംകെട്ടിനില്‍ക്കുന്നു”

ഇത്രയും പറഞ്ഞുകൊണ്ട് ചാത്തൂട്ടി തേങ്ങിത്തേങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. ‘നിറഞ്ഞ’ സദസ്യര്‍ മുഖത്തോടുമുഖവും നോക്കിനിന്നു!