11.5.10

തൊമ്മിച്ചന്റെ നൊസ്റ്റാള്‍ജിയ

“...............
...........
ഇലകള്‍ പച്ച
പൂക്കള്‍ മഞ്ഞ...“

മുറ്റത്തുനിന്നും കുട്ടികള്‍ ഉറക്കെ ബഹളമുണ്ടാക്കിക്കൊണ്ടിരുന്നു. തോട്ടുങ്കല്‍ തൊമ്മിച്ചന്‍  ഇതുകേട്ട് ഞെട്ടിയുണര്‍ന്നു ചുറ്റുപാടും പകച്ചുനോക്കി.

ഇലകള്‍ പച്ച .... പൂക്കള്‍ മഞ്ഞ .... തുടങ്ങിയ പദങ്ങള്‍ നമ്മെ മഞ്ചാടിക്കുരുവിന്റെയും,  സ്ലേറ്റു പെന്‍സിലിന്റെയും , മയില്‍പ്പീലിയുടെയുമെല്ലാം ലോകത്തേയ്ക്ക്  കൈപിടിച്ച് കൊണ്ടുപോകുമെന്നത് പ്രകൃതിസത്യമാണെങ്കില്‍  തോട്ടുങ്കല്‍ തൊമ്മിച്ചനെ ഇവറ്റകള്‍ കൊണ്ടുപോകുന്നത് മറ്റു പലയിടത്തേക്കുമായിരുന്നു.

ഇപ്പോള്‍ ജീവിതത്തിന്റെ മുക്കാല്‍ സെഞ്ചുറിയുമടിച്ചുനില്‍ക്കുന്ന തൊമ്മിച്ചന്‍് പണ്ടുപണ്ടൊരാഗ്രഹം തോന്നി. ഒരിക്കല്‍ മാത്രം തോന്നിയ ഒരേയൊരാഗ്രഹം! മാതാവിന്റെ വയറ്റില്‍നിന്നും പുറത്തുചാടി മുപ്പത്തിയെട്ടു സംവത്സരങ്ങള്‍ക്കു ശേഷമുദിച്ച ആ ഒരേയൊരാഗ്രഹമെന്താണെന്നുവെച്ചാല്‍ മറ്റൊന്നുമായിരുന്നില്ല. ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും എന്നുമാത്രമല്ല സായിപ്പിനെപ്പോലെ സംസാരിക്കാനും പഠിക്കണമെന്നതായിരുന്നു!

 തന്റെ അപ്പനപ്പാപ്പന്മാരുടെ തറവാടിന്റെ പേരുംകൂടികൂട്ടിയിട്ട ‘തോട്ടുങ്കല്‍ തൊമ്മിച്ചന്‍ ’ എന്ന നാമം മലയാളത്തില്‍ നേരെചൊവ്വെ പോയിട്ട് വളഞ്ഞുകുത്തിപ്പോലുമെഴുതാനറിയില്ല എന്നതില്‍ തൊമ്മിച്ചനു വിഷമമില്ല സങ്കടമില്ല എന്നുമാത്രമല്ല ഈ വര്‍ഗ്ഗത്തില്‍പ്പെട്ട ഒരുകുന്തവുമില്ല.

പള്ളിക്കൂടത്തില്‍ പോകുന്നവര്‍ ഒരുപണിയുമില്ലാത്തവരോ അല്ലെങ്കില്‍ ഒരുപണിയുമെടുക്കാന്‍ വയ്യാത്ത മടിയന്മാരോആണെന്നത് ആര്‍ക്കാണറിയാന്‍പാടില്ലാത്തത് . ഇത്തരം മടിയന്മാരെയും അവര്‍ക്കുവേണ്ടി പള്ളിക്കൂടം നടത്തുന്നവരെയും തൊമ്മിച്ചനു അറപ്പാണ്‍് വെറുപ്പാണ്‍് . അതുകൊണ്ടുതന്നെയാണ്‍് തൊമ്മിച്ചന്‍ പള്ളിക്കൂടത്തില്‍ പോയി നശിച്ചുപോകാതിരുന്നതും!


പക്ഷെ ഇന്നു സ്ഥിതി അതല്ല കാരണം മലയാളം പഠിച്ചില്ലായെങ്കിലും ലണ്ടനീന്നുവന്ന ശോഷാമ്മയുടെ മോള്‍ സൂസിക്കൊച്ചിനോട് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കണമെങ്കില്‍ ഇംഗ്ലീഷുതന്നെവേണ്ടായൊ? സൂസിക്കൊച്ചിനെക്കാണുമ്പോള്‍ തൊമ്മിച്ചനു വല്ലാത്ത ‘ഒരിത്’ തോന്നും.  തൊമ്മിച്ചന്റെ നേരെ ഇളയ ജോസൂട്ടിയാണെങ്കില്‍ പകുതി ഇംഗ്ലീഷു പഠിച്ചിട്ടുണ്ട്  ( A മുതല്‍ M വരേ) . ആയതിനാല്‍ തൊമ്മിച്ചന്‍ ഫുള്ളു പഠിച്ചില്ലാ എങ്കില്‍ നാണക്കേടു തൊമ്മിച്ചനുതന്നെയല്ലിയോ.

അങ്ങിനെയാണ്‍ സന്ധ്യകഴിഞ്ഞ് നേരമല്ലാനേരത്ത് തോട്ടുങ്കല്‍ തൊമ്മിച്ചന്‍ ഇംഗ്ലീഷ് പഠിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ   പട്ടാളം പുഷ്കരന്റെ ഭാര്യ കല്യാണിട്ടീച്ചറുടെ വീട്ടുപടിക്കലെത്തിയത്.

അകത്തുനിന്നും കല്യാണിട്ടീച്ചറുടെ കാല്‍ഡസണ്‍ മക്കള്‍ കഴിവിന്റെ പരമാവധി തൊണ്ടയുടെ വോള്യം കൂട്ടിവെച്ച് കളിക്കുന്ന ശബ്ദം അങ്ങ് നങ്ങേലിപ്പാറയും കടന്ന് കോട്ടപ്പടി അങ്ങാടിവരേ മുഴങ്ങിക്കേള്‍ക്കാമായിരുന്നു.

“ നാരങ്ങ നാല്‍്
ചുണ്ടയ്ക്ക രണ്ട്...
ഇലകള്‍ പച്ച..
പൂക്കള്‍ മഞ്ഞ...”

തങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന വാക്കില്‍ കതിരോ പതിരോ തവിടോ എന്തെങ്കിലുമുണ്ടോ എന്നൊന്നുംനോക്കാതെ അവറ്റകള്‍ ഉറക്കെ വിളിച്ചുകൂവുകയാണ്‍്.

ഏതായാലും തന്റെ സദുദ്ദേശ ആഗമനം കല്യാണിട്ടീച്ചറെ അറിയിക്കാന്‍ നമ്മുടെ തൊമ്മിച്ചന്‍ ടീച്ചറുടെ വീട്ടുപടിക്കലിരുന്നു ഉറക്കെ വിളിച്ചുകൂവി ....
“കല്യാണിട്ടീച്ചറേ.... കല്യാണിട്ടീച്ചര്‍.......”

 ഇലകള്‍ പച്ചയിലും പൂക്കള്‍ മഞ്ഞയിലും കുളിച്ചുനിന്ന കര്‍ണ്ണകഠോരപ്രകൃതിയില്‍  തൊമ്മിച്ചന്റെ കല്യാണിട്ടീച്ചര്‍ വെറും ആനവായില്‍ അമ്പഴങ്ങപോലയേ ഉണ്ടായിരുന്നുള്ളു.

അവസാനം ഒരു ഗതിയും കിട്ടാതെ വന്നപ്പോഴാണ്‍് ടീച്ചറെ ജനലിലൂടെ വിളിച്ചു കാര്യം പറയാമെന്നു വെച്ച് തൊമ്മിച്ചന്‍ ജനലിനടുത്തേക്കു ചെന്നത് .. അകത്തുനോക്കിയപ്പോള്‍ ആരേയും കണ്ടില്ല .. വീണ്ടും കുറച്ചു പൊക്കത്തിലായി മറ്റൊരു ജനലില്‍ക്കൂടി മങ്ങിയ വെളിച്ചം കണ്ടപ്പോള്‍  നേരേ അങ്ങോട്ടുചെന്നു.

വെറും കാലില്‍ നിന്നാല്‍ ജനലിനടുത്തേക്ക് എത്തുമായിരുന്നില്ല അതുകൊണ്ടായിരുന്നു തൊമ്മിച്ചന്‍ വളരെ ബുദ്ധിമുട്ടി തന്റെ ആന്ദ്രവായുവിനേവരേ നിയന്ത്രിച്ച് അടുത്തുകണ്ട തെങ്ങിന്‍ മടല്‍ ചുവരില്‍ ചാരിവെച്ച് അതില്‍ക്കയറി ജനലിലൂടെ നോക്കിയത്....

പിന്നീട് തൊമ്മിച്ചനു ഒന്നുംതന്നെയോര്‍മ്മയുണ്ടായിരുന്നില്ല . എങ്ങുനിന്നോ കാലങ്കോഴിയുടെ മൂളല്‍ പോലെ ഒരു ശബ്ദം മാത്രം അവ്യക്തമായി കേട്ടു......

“ ഇലകള്‍ പച്ച ...
പൂക്കള്‍ മഞ്ഞ...”

പിന്നീട് നാലുദിവസങ്ങള്‍ക്കു ശേഷം ബോധം തിരിച്ചുവന്നപ്പോഴാണറിയുന്നത് . കല്യാണിട്ടീച്ചറുടെ കുളിമുറിയുടെ ജനലിലേയ്ക്കായിരുന്നു തന്റെ ഇംഗ്ലീഷിനു ദാഹിച്ച ചാടിക്കയറ്റെമെന്നും , ടിച്ചര്‍ കുളിക്കുമ്പോള്‍ സ്ഥിരമായി ജനലില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന നിഴലിനെപ്പറ്റിയുള്ള പരാതികിട്ടിയ ഭര്‍ത്താവ് പുഷ്കരന്‍ ചേട്ടന്‍ പട്ടാളത്തില്‍നിന്നും പരാതിലീവെടുത്ത് നിഴലിനെപ്പിടിക്കാന്‍ നാട്ടില്‍ വന്നു ഉലക്കയുമായി വീടിനു ചുറ്റും ചുറ്റിത്തിരിയുന്ന സമയത്തായിരുന്നു താന്‍ അവിടെ എത്തിയതെന്നും .

അതുമാത്രമായിരുന്നില്ല തോട്ടുങ്കല്‍ തൊമ്മിച്ചന്‍ എന്ന തന്റെ തറവാട്കൂട്ടിയിട്ട പേര്‍ അന്നുമുതല്‍ നാട്ടുകാര്‍ കുളിമുറിയ്ല് തൊമ്മന്‍ എന്നാക്കി മാറ്റിയതും ഈ സംഭവത്തിനു ശേഷമായിരുന്നു ....

മുറ്റത്തുനിന്നും തന്റെ കൊച്ചുമക്കള്‍ .......... ഇലകള്‍ പച്ച ...പൂക്കള്‍ .... എന്നുപറഞ്ഞുകളിച്ചുതുടങ്ങിയപ്പോള്‍ തോട്ടുങ്കല്‍ തൊമ്മിച്ചന്‍ പതിവുപോലെ സോഡാക്കുപ്പിയിലെ ഗോലിയെടുത്ത് തന്റെ രണ്ടു ചെവികളിലും തിരുകിവെച്ചു. എന്നിട്ടു വീണ്ടും നിദ്രാദേവിയുടെ വരവിനായി കണ്ണുകള്‍ ഇറുക്കിയടച്ചു.

8 comments:

മരഞ്ചാടി said...

ഏതായാലും തന്റെ സദുദ്ദേശ ആഗമനം കല്യാണിട്ടീച്ചറെ അറിയിക്കാന്‍ നമ്മുടെ തൊമ്മിച്ചന്‍ ടീച്ചറുടെ വീട്ടുപടിക്കലിരുന്നു ഉറക്കെ വിളിച്ചുകൂവി ....
“കല്യാണിട്ടീച്ചറേ.... കല്യാണിട്ടീച്ചര്‍.......”

ശ്രീ said...

ഹഹ അതു കലക്കി.

തൊമ്മിച്ചനു പറ്റിയ ഒരു പറ്റ്!

Rejeesh Sanathanan said...

ചുമ്മതല്ല.......മലയാളിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാന്‍ പാടില്ലാത്തത്....പാവം തൊമ്മിച്ചന് കിട്ടിയ അനുഭവം കണ്ടില്ലേ........:)

രഘുനാഥന്‍ said...

ഹ ഹ ഹ ഹ

കണ്ണനുണ്ണി said...

ഹഹ ഓരോ അടി വരുന്ന വഴിയെ

അഭി said...

ഹ ഹ കലക്കി മാഷെ

മരഞ്ചാടി said...

sree, maarunna malayaali, raghunadhan, kannanunni and abhi ividey vannathinum prothsaahanangalkkum nandi

Sulfikar Manalvayal said...

പാവം തൊമ്മിച്ചന്‍.
മരഞ്ചാടി. എന്നാലും തൊമ്മിച്ചന്റെ ഉദ്ദേശം.. അത് ഇംഗ്ലീഷ് പഠിത്തം തന്നെയായിരുന്നോ?
പൂച്ച പാല് കുടിക്കുമ്പോള്‍ കണ്ണടക്കുന്നതെന്തിനെന്നു ആര്‍ക്കറിയാം അല്ലെ?